അസം എംഎല്‍എ സുശാന്ത ബോര്‍ഗോഹെയ്ന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

Update: 2021-08-01 03:31 GMT

ഗുവാഹത്തി: രണ്ടുതവണ അസം എംഎല്‍എ ആയിരുന്ന സുശാന്ത ബോര്‍ഗോഹെയ്ന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ അന്തരീക്ഷം ശരിയല്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് അദ്ദേഹം രാജിവച്ചത്. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അസമിലെ തോറ സീറ്റില്‍ മല്‍സരിച്ച് നിയമസഭയിലെത്തിയ എംഎല്‍എയാണ് സുശാന്ത. സ്പീക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്. ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റതിന് ശേഷം കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടി വിടുന്ന രണ്ടാമത്തെ അസം എംഎല്‍എയാണ് ബോര്‍ഗോഹെയ്ന്‍.

നേരത്തെ, ടീ ട്രൈബ് സമുദായത്തില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രൂപജ്യോതി കുര്‍മി ജൂണില്‍ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അസം കോണ്‍ഗ്രസിലെ നിലവിലെ സാഹചര്യമാണ് 'വേദനാജനകമായ' തീരുമാനമെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറയ്ക്ക് അയച്ച രാജിക്കത്തില്‍ സുശാന്ത ബോര്‍ഗോഹെയ്ന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രസക്തി കണക്കിലെടുത്ത് തുടരാന്‍ താന്‍ ശ്രമിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ എല്ലാ ശ്രമങ്ങളും വ്യര്‍ഥമായി. അതുകൊണ്ടാണ് അന്തിമതീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.

തന്റെ ഭാഗത്തുനിന്നുണ്ടായ വേദനാജനകമായ നീക്കത്തിന്റെ കൃത്യമായ കാരണങ്ങള്‍ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തെ ഇതിനകം അറിയിച്ചിട്ടുണ്ട്- കത്തില്‍ പറഞ്ഞു. സുശാന്ത് ബോര്‍ഗോഹെയ്ന്‍ 2049 വോട്ടിനാണ് കുശാല്‍ ദൊവാരിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. ബോര്‍ഗോഹെയ്ന്‍ 47,949 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ ദൊവാരിക്ക് 45,900 വോട്ടുകളാണ് നേടാനായത്. ബോര്‍ഗോഹൈന്‍കൂടി പുറത്തുപോയതോടെ 126 അംഗ നിയമസഭയിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം ഈ വര്‍ഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ 29 സീറ്റുകളില്‍നിന്ന് 27 ആയി കുറഞ്ഞു.

Tags:    

Similar News