ബിജെപി പരാതിയില്‍ രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റിലായ അസം എംഎല്‍എയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു
ഗുവാഹതി: അസമിലെ ധറങ് ജില്ലയിലെ വിവാദമായ കുടിയൊഴിപ്പിക്കലിനിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത എംഎല്‍എ ഷര്‍മാന്‍ അലി അഹ്മദിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി, യുവമോര്‍ച്ച ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പരാതിയില്‍ രാജ്യദ്രോഹം ചുമത്തി അറസ്റ്റിലായ എംഎല്‍എയെ ആണ് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്. തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് അഹ്മദിനെ സസ്‌പെന്‍ഡ് ചെയ്തത്.
1983ല്‍ ധരാങ് ജില്ലയില്‍ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചതിന് കോണ്‍ഗ്രസ് നേരത്തേ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മൂന്നുതവണ ഭാഗ്പൂരിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഷര്‍മാന്‍. വലിയൊരു വിഭാഗം അസംകാര്‍ രക്തസാക്ഷികളായി കാണുന്ന അവരെ കൊലപാതകികള്‍ എന്നാണ് എംഎല്‍എ വിശേഷിപ്പിച്ചത്.
ദിസ്പൂരിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ശനിയാഴ്ചയാണ് ഷര്‍മാന്‍ അലിയെ പോലിസ് കസ് റ്റഡിയിലെടുത്തത്.തുടര്‍ന്ന് പന്‍ബസാര്‍ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, ബിജെപി യൂത്ത് വിങ് ബിജെവൈഎം തുടങ്ങിയ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കോണ്‍ഗ്രസും ഷര്‍മാന്‍ അലിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. മൂന്നു ദിവത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ആറു വര്‍ഷം നീണ്ട അസം പ്രക്ഷോഭത്തില്‍ 1983ല്‍ ധറങ് ജില്ലയിലെ സിപാജര്‍ മേഖലയിലെ കൈയേറ്റക്കാര്‍ എട്ടുപേരെ കൊന്നുവെന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ ചില നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് ഷര്‍മാന്‍ അലി പരാമര്‍ശം നടത്തിയത്.
1983ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എട്ടു പേര്‍ രക്തസാക്ഷികളല്ലെന്നും കൊലയാളികളാണെന്നും അവര്‍ സിപാജര്‍ പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആളുകളെ കൊല ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എട്ടു പേര്‍ക്ക് നേരെയുള്ള ആക്രമണം ആ ദേശത്തെ മുസ്‌ലിം ജനതയുടെ സ്വയം പ്രതിരോധമായിരുന്നുവെന്നുമാണ് അഹ്മദ് പറഞ്ഞത്.