ക്ഷേത്രത്തില്‍ ആര്‍എസ്എസ് കൊടി കെട്ടി; ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

ആരാധനാലങ്ങളില്‍ കപട ഹിന്ദു സ്‌നേഹത്തിന്റെ പേരില്‍ രാഷ്ട്രീയ നാടകം നടത്തി നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആശയത്തോട് ഒരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Update: 2020-02-22 14:40 GMT

കിളിമാനൂര്‍: പോലിസുമായും ഭക്തരുമായും ഉണ്ടാക്കിയ ധാരണ ലംഘിച്ച് ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് കൊടികെട്ടിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി ദക്ഷിണ മേഖലാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശിയുടെ സഹോദരീ പുത്രനും ബിജെപി കരവാരം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മുന്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തോട്ടയ്ക്കാട് ബിജുവാണ് പാര്‍ട്ടി വിട്ടത്. ഇദ്ദേഹത്തോടൊപ്പം പ്രദേശത്തെ അമ്പതോളം ആര്‍എസ്എസ്-ബിജെപി അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കിയിട്ടുണ്ട്.

കരവാരം തോട്ടയ്ക്കാട് പന്തുവിള തൃക്കോവില്‍ ശിവക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഇവിടെ ആര്‍എസ്എസ് കാവി കൊടികള്‍ കെട്ടിയിരുന്നു. എന്നാല്‍ ഒരു സംഘടനയുടേയും കൊടികള്‍ ക്ഷേത്രത്തില്‍ വേണ്ടതില്ലായെന്ന ഭക്തരുടെ താല്‍പര്യത്തെ തുടര്‍ന്ന് പോലിസ് വിഷയത്തില്‍ ഇടപെടുകയും കൊടികള്‍ കെട്ടേണ്ടതില്ലയെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഈ ധാരണ തെറ്റിച്ച് ചില ബിജെപി-ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ അമ്പലത്തില്‍ കാവി കൊടികള്‍ കെട്ടിയതോടെ ഭക്തരും ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ശിവപാര്‍വ്വതി മുദ്രയുള്ള വെള്ള കൊടികള്‍ ക്ഷേത്രത്തില്‍ കെട്ടുകയായിരുന്നു.

വിഷയത്തില്‍ തര്‍ക്കം ആയതോടെ ആര്‍എസ്എസിന്റെതടക്കം എല്ലാ കൊടികളും ക്ഷേത്രകമ്മറ്റി നീക്കം ചെയ്തു. ഇതില്‍ വിറളി പിടിച്ച ആര്‍എസ്എസ് സംഘം ക്ഷേത്രകമ്മറ്റിയില്‍ സജീവ പ്രവര്‍ത്തകനായ ഒരു മുസ്‌ലിം യുവാവിനെതിരെ പോലിസില്‍ പരാതി നല്‍കി. ഹിന്ദു മുസ്‌ലിം ഐക്യത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഈ കുത്സിത പ്രവര്‍ത്തിയില്‍ മനം മടുത്താണ് തോട്ടയ്ക്കാട് ബിജുവും സംഘവും ബിജെപി പ്രവര്‍ത്തനം മതിയാക്കാന്‍ തീരുമാനിച്ചത്. ബിജു ഇക്കാര്യം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിട്ടുമുണ്ട്. ആരാധനാലങ്ങളില്‍ കപട ഹിന്ദു സ്‌നേഹത്തിന്റെ പേരില്‍ രാഷ്ട്രീയ നാടകം നടത്തി നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആശയത്തോട് ഒരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ബിജുവിനെതിരെ ആരോപണങ്ങളുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ബിജു ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഭാരവാഹിത്വത്തില്‍ ഇല്ലായെന്ന് കരവാരം മണ്ഡലം പ്രസിഡന്റ് രാജേഷ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ബിജെപി വിട്ട ബിജുവിന് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ച് നൂറുകണക്കിന് പേരെത്തി.

Tags:    

Similar News