'രാഹുല്‍ ഗാന്ധി വന്നശേഷം പാര്‍ട്ടി തകര്‍ന്നു'; തെലങ്കാനയിലെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തിയാണ് രാജി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്തതിന് ശേഷം പാര്‍ട്ടി തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പഴയ പ്രതാപത്തിലേക്ക് തിരികെ വരാനും രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കഴിയുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു. നാല് ദശകം നീണ്ട തന്റെ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ താന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. പാര്‍ട്ടിയുടെ തിരിച്ചുവരവിന് വേണ്ടിയാണ് ജി-23 നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നേതാക്കള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ നേതൃത്വം പരിഗണിച്ചതുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഖാന്‍ ഉന്നച്ചത്. മുതിര്‍ന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ല. ബ്ലോക്ക് തലം മുതല്‍ ബൂത്ത് തലം വരെ ഒരു അംഗവുമായും പൊരുത്തപ്പെടാത്ത വ്യത്യസ്തമായ ചിന്താപ്രക്രിയയാണ് അദ്ദേഹത്തിനുള്ളത്.
രാഹുലിന്റെ പ്രവൃത്തികളാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചത്. രാഹുല്‍ ഗാന്ധിയെ ഉപാധ്യക്ഷനാക്കിയ കാലം മുതല്‍ തിരിച്ചടികളാണ്. പാര്‍ട്ടിയിലെ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്ന് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിട്ടില്ല. തന്റേതായ രീതിയിലൂടെ മാത്രം മുന്നോട്ടുപോവുന്നതാണ് രീതി. ഇതിന്റെയൊക്കെ ഫലമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നത്. നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രകടമാക്കിയ അതേ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി രാജ്യത്തെ സേവിക്കുന്നത് പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള കേഡറുകളെ വീണ്ടും സജീവമാക്കാന്‍ ഉന്നത നേതൃത്വം ശ്രമിക്കാത്തതിനാലാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായത്.
പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും കശ്മീരിലെ മുന്‍ എംഎല്‍എമാര്‍ക്കും പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാജിക്കൊരുങ്ങുന്നത് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.