വിദ്വേഷപ്രാസംഗികര്‍ക്കൊപ്പം തുടരാനില്ല; ബംഗാളി നടി ബിജെപി വിട്ടു
2013ല്‍ ബിജെപിയുടെ പ്രവര്‍ത്തനരീതിയില്‍ ആകൃഷ്ടയായാണു പാര്‍ട്ടിയില്‍ ചേര്‍ന്നത്. വിദ്വേഷവും ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമെന്ന് മനസ്സിലായി.
കൊല്‍ക്കത്ത: വിദ്വേഷപ്രാസംഗികരുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച് ബംഗാളി നടി ബിജെപിയില്‍നിന്ന് രാജിവച്ചു. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂറിനും കപില്‍ മിശ്രയ്ക്കുമെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് പശ്ചിമബംഗാളിലെ പ്രമുഖ നടി സുഭദ്ര മുഖര്‍ജിയുടെ രാജി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനു സുഭദ്ര രാജിക്കത്ത് കൈമാറി. ആവശ്യമെങ്കില്‍ നേരിട്ട് രാജി സമര്‍പ്പിക്കും. അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര എന്നിവരെപ്പോലുള്ള ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സുഭദ്ര വ്യക്തമാക്കി.
ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. നിരവധിയാളുകള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. കലാപം ജനങ്ങളെ ഭിന്നിപ്പിച്ചു. വിദ്വേഷപ്രസംഗം നടത്തിയ പാര്‍ട്ടി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ ആരും നടപടിയെടുക്കുന്നില്ല. എന്താണ് സംഭവിക്കുന്നത്. ഡല്‍ഹിയിലെ ലഹളയുടെ ദൃശ്യങ്ങള്‍ തന്നില്‍ നടുക്കമുണ്ടാക്കി. താക്കൂറിനെയും അതുപോലെയുള്ള നേതാക്കളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 2013ല്‍ ബിജെപിയുടെ പ്രവര്‍ത്തനരീതിയില്‍ ആകൃഷ്ടയായാണു പാര്‍ട്ടിയില്‍ ചേര്‍ന്നത്.
വിദ്വേഷവും ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമെന്ന് മനസ്സിലായി. നല്ലതുപോലെ ചിന്തിച്ചശേഷമാണ് തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇപ്പോള്‍ രാജിവയ്ക്കുന്നത്. അയല്‍രാജ്യങ്ങളില്‍ ദുരിതത്തിലായവര്‍ക്കു പൗരത്വം നല്‍കാനുള്ള തീരുമാനം നല്ലതാണ്. എന്നാല്‍, അവര്‍ക്കു പൗരത്വം നല്‍കുന്നതിന്റെ പേരില്‍, എന്തിനാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവിതംവച്ച് കളിക്കുന്നത്. എന്തുകൊണ്ടാണു നമ്മുടെ പൗരത്വം തെളിയിക്കേണ്ടിവരുന്നത്. ഈ നീക്കം രാജ്യതലസ്ഥാനത്തു മാത്രമല്ല, രാജ്യമാകെ അസ്വസ്ഥത സൃഷ്ടിക്കുമെന്നും സുഭദ്ര കുറ്റപ്പെടുത്തി.