ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം

നാട്ടുകാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പിന്നിലും വെടിയേറ്റ ശുക്ലയെ ഉടന്‍ ബാരക്പൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Update: 2020-10-05 04:50 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി ബാരക്പൂര്‍ ഓര്‍ഗനൈസേഷനല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയില്‍ തിറ്റഗഡ് പോലിസ് സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാട്ടുകാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പിന്നിലും വെടിയേറ്റ ശുക്ലയെ ഉടന്‍ ബാരക്പൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ ബാരക്പൂര്‍ പോലിസ് കമ്മീഷണര്‍ മനോജ് വര്‍മയ്‌ക്കെതിരേയും അഡീഷനല്‍ കമ്മീഷണര്‍ അജയ് താക്കൂറിനെതിരേയും ഭീഷണിയുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ ആവശ്യപ്പെട്ടു. ബിജെപിയുടെ ബരാക്പൂര്‍ എംപി അര്‍ജുന്‍ സിങ്ങിന്റെ അടുത്ത അനുയായിയാണ് ശുക്ല. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്.

ഞങ്ങള്‍ക്ക് പോലിസില്‍ വിശ്വാസമില്ല. പോലിസ് സ്റ്റേഷന് മുന്നില്‍ കൊലപാതകം നടന്നതിനാല്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കണം. അതിനാല്‍, ഇതെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം. നിങ്ങള്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ മമതാ ബാനര്‍ജിയോട് ഞാന്‍ ഖേദിക്കുന്നു. ജനങ്ങള്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ബാരക്പൂര്‍ പ്രദേശത്ത് തിങ്കളാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം നല്‍കി.

സംഘര്‍ഷം തടയുന്നതിന് പോലിസുകാരുടെ വലിയ സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം, ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപിക്കുള്ളിലെ ആഭ്യന്തരകലാപമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി. ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍ സംഭവത്തെ അപലപിച്ചു. വിശദീകരണം തേടുന്നതിനായി ആഭ്യന്തരസെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News