കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര, സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 15 ശതമാനം ഹാജര്‍ മാത്രം
എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നില 15 ശതമാനമായി പരിമിതപ്പെടുത്തും. വിവാഹം പോലുള്ള ആഘോഷങ്ങളില്‍ 25 പേര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഇന്ന് രാത്രി എട്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ മെയ് ഒന്നിന് രാവിലെ ഏഴുമണി വരെ തുടരും.
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബ്രേക് ദി ചെയിന്‍ എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നില 15 ശതമാനമായി പരിമിതപ്പെടുത്തും. വിവാഹം പോലുള്ള ആഘോഷങ്ങളില്‍ 25 പേര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഇന്ന് രാത്രി എട്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ മെയ് ഒന്നിന് രാവിലെ ഏഴുമണി വരെ തുടരും. പക്ഷേ, കൊവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന അടിയന്തര സേവനങ്ങളെ നിയന്ത്രണങ്ങളില്‍നിന്നും ഒഴിവാക്കും. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തി.
ലോക്കല്‍ ട്രെയിന്‍, മോണോ റെയില്‍, മെട്രോ റെയില്‍ എന്നിവയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും ഇനി യാത്ര അനുവദിക്കുക. ട്രെയിനില്‍ രോഗികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 വരെയാണ് പിഴ. അവശ്യസേവനങ്ങളുടെ ഓഫിസുകള്‍ക്ക് മൊത്തം ശേഷിയുടെ 50 ശതമാനത്തില്‍ കവിയാത്ത ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വിവാഹ ചടങ്ങുകളില്‍ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ചടങ്ങ് രണ്ടുമണിക്കൂറില്‍ കവിയരുത്. വൈറസ് അവസാനിക്കുന്നതുവരെ ഓഡിറ്റോറിയങ്ങള്‍ അടച്ചിടണം.
ജില്ല്ക്ക് അകത്തും പുറത്തും യാത്ര ചെയ്യുമ്പോള്‍ ബസ് ഓപറേറ്റര്‍മാര്‍ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുകയും ഒരു നഗരത്തിലെ സ്‌റ്റോപ്പുകള്‍ പരമാവധി രണ്ടായി പരിമിതപ്പെടുത്തുകയും വേണം. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ബസ് ഓപറേറ്റര്‍മാര്‍ യാത്രക്കാരുടെ കൈകള്‍ മുദ്രകുത്തണം. അവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ, മെട്രോ, മോണോ റെയില്‍ സര്‍വീസുകള്‍ പോലുള്ള പൊതുഗതാഗതം ഉപയോഗിക്കാം. സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പാസുകളും ടിക്കറ്റുകളും നല്‍കും. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും വൈദ്യചികില്‍സ ആവശ്യമുള്ളവര്‍ക്കും പൊതുഗതാഗതം ഉപയോഗിക്കാന്‍ അനുവാദമുണ്ട്. പൊതുഗതാഗത സേവനങ്ങളുടെ ഉപയോക്താക്കള്‍ക്കും ഹോം ക്വാറന്റൈന്‍ സംബന്ധിച്ച നിയമങ്ങള്‍ ബാധകമാണ്.