ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്
അടുത്തവര്‍ഷം ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 247 സീറ്റുകളില്‍ 200 എണ്ണമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരി പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാരാന്ത്യം പശ്ചിമബംഗാള്‍ സന്ദര്‍ശിക്കുമ്പോള്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍. അടുത്തവര്‍ഷം ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതെന്നാണ് റിപോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 247 സീറ്റുകളില്‍ 200 എണ്ണമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 50 ലധികം സീറ്റുകളില്‍ പ്രാദേശിക നേതാക്കളുടെ മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്നാണ് അധികാരിയുടെ അവകാശവാദം. തൃണമൂലില്‍നിന്ന് രാജിവച്ച അധികാരി ഇതിനകം പാര്‍ട്ടിയിലെ രണ്ട് വിമതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അധികാരിയുടെ സന്ദര്‍ശനത്തിനുശേഷം അസാന്‍സോളിലെ പ്രാദേശിക ഭരണകൂടത്തിന്റെ തലവനായ വിമത നേതാവായ ദിതേന്ദ്ര തിവാരി തല്‍സ്ഥാനം രാജിവച്ചു. ഈ കൂടിക്കാഴ്ചയില്‍ തൃണമൂല്‍ എംപി സുനില്‍ മൊണ്ടാലും പങ്കെടുത്തിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞമാസം അവസാനമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിസഭയില്‍നിന്ന് അധികാരി രാജിവയ്ക്കുന്നത്.
പാര്‍ട്ടിയിലേക്ക് പാരച്യൂട്ട് വഴി അല്ലെങ്കില്‍ ലിഫ്റ്റ് വഴിയാണ് ആളുകള്‍ വരുന്നതെന്ന് ഡയമണ്ട് ഹാര്‍ബറില്‍നിന്നുള്ള എംപിയെ പേരെടുത്ത് പരാമര്‍ശിക്കാതെ അധികാരി വിമര്‍ശിച്ചിരുന്നു. മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം പാര്‍ട്ടി, കാബിനറ്റ് മീറ്റിങ്ങുകള്‍ ഒഴിവാക്കി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയോ പോസ്റ്ററോ പ്രദര്‍ശിപ്പിക്കാത്ത നിരവധി റാലികള്‍ നടത്തി. ഇന്നലെയാണ് അദ്ദേഹം നിയമസഭാ അംഗത്വം രാജിവച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.