അത് ഇറ്റലിയിലെ പൈതൃക കെട്ടിടങ്ങളാ... രാഹുല്‍ ഗാന്ധിയുടേതല്ല.. വീഡിയോ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ഗുഗിള്‍ സ്ട്രീറ്റ് വ്യൂ ഉള്‍പ്പെടെ വീഡിയോക്ക് അടിയിലായി പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ വീഡിയോ പൊളിച്ചത്. ആര്‍ബിഐ ഡയറക്ടര്‍ എസ് ഗുരുമൂര്‍ത്തിയടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയാണിത്.

Update: 2019-04-30 11:03 GMT

ന്യൂഡല്‍ഹി: ഇറ്റലിയിലെ പൈതൃക കെട്ടിടങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലാണെന്ന് ആരോപിച്ച് യുവാവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. ആര്‍ബിഐ ഡയറക്ടര്‍ എസ് ഗുരുമൂര്‍ത്തിയടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയാണിത്.ഇറ്റലിയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇന്ത്യന്‍ സ്വദേശിയായ യുവാവ് ഇറ്റാലിയന്‍ പൈതൃകകെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ ഇതുപോലെ മൂന്ന് കൂറ്റര്‍ കെട്ടിടങ്ങളുണ്ടെന്നും ആരോപിച്ച് വീഡിയോ ഷെയര്‍ ചെയ്തത്. ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ രാഹുല്‍ സ്വന്തമാക്കുന്നതെന്നും വീഡിയോയില്‍ യുവാവ് പറയുന്നുണ്ട്. 1.03 സെക്കന്റുള്ള വീഡിയോയില്‍ ഇറ്റലിയിലെ പുരാതനമായ പിയാസാ കാസ്റ്റെല്ലോയുടെ അരികത്തുനിന്നാണ് യുവാവ് ഗുജറാത്തി ഭാഷയില്‍ വീഡിയോ ചെയ്തിരിക്കുന്നത്. മേരാ ഭാരത് മഹാന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിനകം തന്നെ 1.5ലക്ഷം ആള്‍ക്കാര്‍ കാണുകയും 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് വീഡിയോ. പ്രധാനമായും സംഘപരിവാരം ബന്ധമുള്ള എഫ്ബി പേജുകളിലും ട്വിറ്റര്‍ അക്കൗണ്ടുകളിലുമാണ് വീഡിയോ പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരുന്നു. എന്നാല്‍, ടൂറിനിലെ പിയാസ കാസ്‌റ്റെലോയിലെ സിറ്റി സ്‌ക്വയറിലെ മ്യൂസിയം, തിയറ്റര്‍, കൊട്ടാരം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഗുഗിള്‍ സ്ട്രീറ്റ് വ്യൂ ഉള്‍പ്പെടെ വീഡിയോക്ക് അടിയിലായി പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ വീഡിയോ പൊളിച്ചത്. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടം യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയതാണ്.


Similar News