കടുവയുടെ ആക്രമണത്തില്‍നിന്ന് യുവാവിനെ നായ രക്ഷിച്ചു
യുവാവിനെ ആക്രമിക്കുന്നതു കണ്ട നായ കടുവയ്ക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഇതോടെ, കടുവ ആക്രമണം നിര്‍ത്തുകയും പിന്തിരിഞ്ഞ് കാട്ടിലേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു.
സിയോണി: കടുവയുടെ ആക്രമണത്തില്‍നിന്നു യുവാവിനെ നായ രക്ഷിച്ചു. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. പരസ്പാനി വില്ലേജിലെ കാട്ടിലൂടെ നടന്നുപോവുകയായിരുന്നു 22 കാരനായ പഞ്ചം ഗജ്ബയും സഹോദരനും. ഈ സമയം കാട്ടില്‍നിന്ന് ഒരു കടുവ ഇവര്‍ക്കു മുകളിലേക്ക് ചാടുകയും ആക്രമിക്കുകയും ചെയ്തു. കൈകളും മറ്റും കടിച്ചുപറിക്കാന്‍ തുടങ്ങി. ഈ സമയം യുവാവിനോടൊപ്പമുണ്ടായിരുന്ന നായയാണ് യഥാര്‍ഥത്തില്‍ യുവാവിന്റെ രക്ഷകനായത്. യുവാവിനെ ആക്രമിക്കുന്നതു കണ്ട നായ കടുവയ്ക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഇതോടെ, കടുവ ആക്രമണം നിര്‍ത്തുകയും പിന്തിരിഞ്ഞ് കാട്ടിലേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു. നായയുടെ കുര കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പാഞ്ചം ഗജ്ബയുടെ തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിനു കുറേയ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. സ്ഥലം സന്ദര്‍ശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കാട്ടില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.