കടുവയുടെ ആക്രമണം: കൂടുതല്‍ നഷ്ടപരിഹാരം വേണം; വയനാട്ടില്‍ കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍

Update: 2023-01-13 05:57 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കളുടെ പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും വ്യക്തമാക്കുന്നത്. കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കടുവയെ വെടിവച്ചു കൊല്ലണമെന്നുമാണ് ഇവരുടെ ആവശ്യങ്ങള്‍. അതേസമയം, കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്.

പുതുശ്ശേരി വെള്ളാരംകുന്നില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപന്തിയില്‍ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിലെത്തിച്ചിട്ടുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ കാമറകളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് കടുവയുടെ ആക്രമണത്തില്‍ വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു പള്ളിപ്പുറം) മരിച്ചത്.

വെള്ളാരംകുന്ന് മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തില്‍ കാലിനും കൈയ്ക്കും പരിക്കേറ്റ തോമസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. തോമസിന്റെ മരണത്തില്‍ സര്‍ക്കാര്‍ അനാസ്ഥയാരോപിച്ച് മാനന്തവാടി താലൂക്കില്‍ യുഡിഎഫും ബിജെപിയും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടുവഭീതി തുടരുന്നതിനാല്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News