മംഗളൂരു: പൗരത്വ ബില്‍ പ്രതിഷേധറാലിക്ക് അനുമതി നല്‍കാതെ പോലിസിന്റെ ഒളിച്ചുകളി

മംഗളൂരു, ഉടുപ്പി, ദക്ഷിണ കന്നട ജില്ലകള്‍ ഉള്‍പെട്ട ദക്ഷിണ കനറ മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി മംഗളൂരുവില്‍ പ്രഖ്യാപിച്ച റാലി മുടക്കാന്‍ പോലിസ് ഒത്തുകളിക്കുകയാണ്. ഡിസംബര്‍ 31ന് റാലിക്ക് അനുമതി തേടിയപ്പോള്‍ ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരില്‍ പോലിസ് അനുമതി നിഷേധിച്ചു.

Update: 2020-01-03 06:49 GMT

പി സി അബ്ദുല്ല

മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ ഒന്നാംഘട്ട പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിയ പോലിസ് മംഗളൂരുവില്‍ തുടര്‍പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കാതെ പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു. നഗരത്തിലും പരിസരങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടും അപ്രഖ്യാപിത നിയന്ത്രണങ്ങളാണ് പോലിസ് ഒരുവിഭാഗത്തിനെതിരേ നടപ്പാക്കുന്നത്. മംഗളൂരു, ഉടുപ്പി, ദക്ഷിണ കന്നട ജില്ലകള്‍ ഉള്‍പെട്ട ദക്ഷിണ കനറ മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി മംഗളൂരുവില്‍ പ്രഖ്യാപിച്ച റാലി മുടക്കാന്‍ പോലിസ് ഒത്തുകളിക്കുകയാണ്. ഡിസംബര്‍ 31ന് റാലിക്ക് അനുമതി തേടിയപ്പോള്‍ ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരില്‍ പോലിസ് അനുമതി നിഷേധിച്ചു.

ജനുവരി നാലിന് റാലി നടത്താന്‍ ആദ്യം പോലിസ് സമ്മതം മൂളിയെങ്കിലും നാളത്തെ പരിപാടിക്കും അനുമതി നല്‍കിയില്ല. മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ശനിയാഴ്ചത്തെ റാലിക്ക് അനുമതി തേടിയപ്പോള്‍ ഈമാസം 12ന് നടക്കുന്ന ബിജെപി റാലിയുടെ പേര് പറഞ്ഞാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. മുസ്‌ലിം സംഘടനകളുടെ സംയുക്ത റാലി മുടക്കാന്‍ പോലിസ് ബിജെപിയെയും രംഗത്തിറക്കുകയാണ്. ഈ മാസം 12ന് പൗരത്വ ബില്ലിനെ അനുകൂലിച്ച് റാലി നടത്താന്‍ അനുമതി തേടി ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ എംപി നല്‍കിയ അപേക്ഷയ്ക്കു പിന്നില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.പി എസ് ഹര്‍ഷ യുടെ ഇടപെടലാണെന്നാണ് ആക്ഷേപം. മംഗളൂരു നെഹ്‌റു മൈതാനിയില്‍ റാലി നടത്താനാണ് മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി അനുമതി തേടിയത്.

ഇവിടെ മുസ്‌ലിം സംഘടനകള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കരുതെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞദിവസം സമാധാന യോഗത്തിന് മംഗളൂരുവിലെത്തിയ ആഭ്യന്തരമന്ത്രിയോട് റാലിക്ക് അനുമതി നല്‍കാത്ത പോലിസ് നടപടിയില്‍ മുസ്‌ലിം സംഘടനാ നേതാക്കള്‍ പ്രതിഷേധമറിയിച്ചു. മംഗളൂരുവില്‍ പോലിസ് ആര്‍എസ്എസിന്റെ താളത്തിന് തുള്ളുകയാണെന്ന് മുസ്‌ലിം കോ- ഓഡിനേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മസൂദ് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

Tags:    

Similar News