മാണി സി കാപ്പനെ എന്‍സിപിയില്‍നിന്ന് പുറത്താക്കി
സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ് ആര്‍ കോലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പാലാ എംഎല്‍എ മാണി സി കാപ്പനെ എന്‍സിപിയില്‍നിന്നും പുറത്താക്കി. എല്‍ഡിഎഫ് വിട്ട് യുഡിഎഫ് പ്രവേശനം നടത്തിയ കാപ്പന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം തുടങ്ങിയ സമയത്താണ് കാപ്പനെ പാര്‍ട്ടി പുറത്താക്കിയത്. കേന്ദ്രനേതൃത്വവുമായി ആലോചിക്കാതെ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് പുറത്താക്കലിനു കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ് ആര്‍ കോലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, എന്‍സിപിയില്‍നിന്ന് രാജിവച്ചതായി മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് എല്‍ഡിഎഫ് പാലാ സീറ്റ് നല്‍കുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് മാണി സി കാപ്പന്‍ യുഡിഎഫില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കുചേര്‍ന്നാണ് കാപ്പന്‍ യുഡിഎഫിന്റെ ഭാഗമായത്. യുഡിഎഫ് പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി കാപ്പന്‍ വിഭാഗത്തിന്റെ യോഗം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. 28നകം എല്ലാ ജില്ലാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഞായറാഴ്ച ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ കാപ്പന്‍ രൂക്ഷവിമര്‍ശനമാണ് ജോസ് കെ മാണിക്കെതിരേ ഉന്നയിച്ചത്.