എന്‍സിപിയില്‍നിന്ന് രാജിവച്ച് മാണി സി കാപ്പന്‍; പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ
എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാവും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. സര്‍ക്കാര്‍ നല്‍കിയ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും രാജിവയ്ക്കും. തന്നോടൊപ്പമുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചെരുമെന്നും അതിനു ശേഷം പാര്‍ട്ടി പ്രഖ്യാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്‍സിപിയില്‍നിന്ന് രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്. കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണ്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കാപ്പന്‍ പോവുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണ്. മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് അഭിപ്രായമില്ല. പാലായില്‍ ഇടതുമുന്നണി ജയിക്കുമെന്നും പീതാംബരന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ ഉണ്ടാവും. പുതിയ പാര്‍ട്ടി യുഡിഎഫിലെ ഘടകകക്ഷിയാവും. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാവും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. സര്‍ക്കാര്‍ നല്‍കിയ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും രാജിവയ്ക്കും. തന്നോടൊപ്പമുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചെരുമെന്നും അതിനു ശേഷം പാര്‍ട്ടി പ്രഖ്യാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചതി ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം.
പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ട്. മന്ത്രി എം എം മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദേശീയനേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തില്‍ ശരത് പവാറിന് തന്നെ കൂടെ നിര്‍ത്താനാണ് ആഗ്രഹം. യുഡിഎഫിനോട് മൂന്ന് സീറ്റുകളാണ് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പാലായില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ എത്തുമ്പോള്‍ താനും അതില്‍ പങ്കാളിയാവുമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ദേശീയനേതൃത്വത്തെ അറിയിച്ചു. അവര്‍ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ലെന്നും പാര്‍ട്ടിയായാണ് താന്‍ ഐക്യമുന്നണിയില്‍ ചേരുന്നതെന്നും കാപ്പന്‍ അറിയിച്ചിരുന്നു.