മണിപ്പൂര്‍ സംഘര്‍ഷം : ഇംഫാലില്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം ആക്രമിച്ചു; ഗുരുതര പരിക്ക്
ഇന്ന് രാവിലെയോടെ അക്രമം നിയന്ത്രണവിധേയമായതായാണ് വിവരം.
ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമുദായവും തമ്മില്‍ സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരിലെ ക്രമസമാധാന നില പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ വാല്‍ട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. എം.എല്‍.എയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തില്‍ നിന്നുള്ളയാളാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് & ഹില്‍സ് മന്ത്രിയായിരുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്തികളുടെ പട്ടികവര്‍ഗ്ഗ (എസ്ടി) പദവി എന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പത്ത് മലയോര ജില്ലകളില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്യുഎം) ബുധനാഴ്ച 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചു. ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് ഏരിയയില്‍ നടന്ന മാര്‍ച്ചിനിടെ, സായുധരായ ഒരു ജനക്കൂട്ടം മെയ്‌തേയ് സമുദായത്തിലെ ആളുകളെ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ഇതാണ് സംഘര്‍്ഷത്തിനുള്ള കാരണം.
ടോര്‍ബംഗില്‍ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണങ്ങളില്‍ നിരവധി കടകളും വീടുകളും തകര്‍ക്കുകയും തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു.അക്രമത്തെത്തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വിവിധ ജില്ലകളിലെ സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രികളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇന്ന് രാവിലെയോടെ അക്രമം നിയന്ത്രണവിധേയമായതായാണ് വിവരം.
ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.