ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു
ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധവാലികര്‍ വ്യക്തമാക്കി.
പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) പിന്തുണ പിന്‍വലിച്ചു. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധവാലികര്‍ വ്യക്തമാക്കി.
ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി പ്രാദേശിക കക്ഷികളുടെ സഹായത്തോടെയാണ് ഗോവയില്‍ ഭരണം നടത്തുന്നത്. 2007 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എംജിപി 2012 ലാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. മനോഹര്‍ പരീക്കറുടെ മരണശേഷം പ്രമോദ് സാവന്ത് ആണ് ഗോവയുടെ മുഖ്യമന്ത്രി. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമേ ബിജെപിയെ പിന്തുണയ്ക്കുകയൂള്ളൂവെന്നാണ് ഗോവയിലെ പ്രാദേശിക പാര്‍ട്ടികളായ എംജിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പരീക്കറുടെ മരണശേഷം സഖ്യകക്ഷികളെ കൂടെനിര്‍ത്താന്‍ ബിജെപി പുതിയ ഫോര്‍മുല മുന്നോട്ടുവച്ചു. ഇതിന്റെ ഭാഗമായി രണ്ട് പാര്‍ട്ടികള്‍ക്കും ഉപമുഖ്യമന്ത്രി പദവി നല്‍കി.
പാര്‍ട്ടി സുധിന്‍ ധവാലികറായിരുന്നു എംജിപിയില്‍നിന്നുള്ള ഉപമുഖ്യമന്ത്രി. അതിനിടെ, എംജിപിയെ പിളര്‍ത്താനും ബിജെപി ശ്രമം നടത്തി. ഇതോടെ എംജിപിയുടെ എംഎല്‍എമാരായ മനോഹര്‍ അജ്ഗനോക്കര്‍, ദീപക് പവാസ്‌കര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ സുധിന്‍ ധവാലികറെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിജെപി പുറത്താക്കി. ഇതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ എംജിപി തീരുമാനിച്ചത്.