ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം; രണ്ട് ഘടക കക്ഷി എംഎല്‍എമാര്‍ ബിജെപിക്കൊപ്പം

മനോഹര്‍ അജ്ഗവോങ്കര്‍, ദീപക് പവാസ്‌കര്‍ എന്നിവര്‍ എംജിപി വിട്ട് ബിജെപിയില്‍ ലയിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ മൈക്കല്‍ ലോബോയ്ക്ക് ഇന്ന് പുലര്‍ച്ചെ നല്‍കി.

Update: 2019-03-27 02:11 GMT

പനാജി: ഗോവയിലെ രണ്ട് എംജിപി എംഎല്‍എമാര്‍ വിഘടിച്ച് ബിജെപിയില്‍ ലയിച്ചു. ഇതോടെ 40 അംഗ അസംബ്ലിയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. മനോഹര്‍ അജ്ഗവോങ്കര്‍, ദീപക് പവാസ്‌കര്‍ എന്നിവര്‍ എംജിപി വിട്ട് ബിജെപിയില്‍ ലയിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ മൈക്കല്‍ ലോബോയ്ക്ക് ഇന്ന് പുലര്‍ച്ചെ നല്‍കി.

അതേ സമയം, എംജിപിയുടെ മൂന്നാമത്തെ എംഎല്‍എയായ സുദിന്‍ ധവാലികര്‍ കത്തില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ കൂറുമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍വരില്ല.

ചില അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഭരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് അര്‍ധരാത്രിയിലെ കൂറുമാറ്റ നാടകം. 12 ഉണ്ടായിരുന്ന ബിജെപി അംഗസംഖ്യ 14 ആയതോടെ സഭയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങളായി. 2012 മുതല്‍ ഗോവയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എംജിപി.  

Tags:    

Similar News