മോദിയുടെ തിരിച്ചുവരവിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്: എം കെ ഫൈസി

Update: 2019-05-23 12:41 GMT

ന്യൂഡല്‍ഹി: മോദി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണം വീണ്ടും അധികാരത്തിലെത്തുന്നതിന് ഉത്തരവാദികള്‍ പ്രതിപക്ഷ കക്ഷികളാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി. പോളിങ്ങിന് ശേഷം ഇവിഎം മാറ്റിയത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപി വിരുദ്ധരെ ഐക്യപ്പെടുത്തി ശക്തവും വിശാലവുമായ സഖ്യം രൂപീകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ഫലം വരുന്നതിനു തലേന്ന് മാത്രമാണ് സെക്യുലര്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ യുപിഎ മുന്‍ കൈയെടുത്ത് ഒരു സഖ്യം തന്നെ രൂപീകരിച്ചത്.

നോട്ട് നിരോധനം ബിസിനസുകാരുടെയും കര്‍ഷകരുടെയും നട്ടെല്ല് തകര്‍ത്തു. ബിജെപിക്കാവട്ടെ ഇത് വലിയ തോതില്‍ കള്ളപ്പണം ശേഖരിക്കുന്നതിനുള്ള പദ്ധതിയായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിനെതിരേ യോജിച്ച പോരാട്ടം നടത്താന്‍ പ്രതിപക്ഷത്തിനായില്ല. ഇതു തന്നെയാണ് ജിഎസ്ടി നടപ്പാക്കിയപ്പോഴും ഉണ്ടായത്. പശുവിന്റെ പേരില്‍ മുസ്്‌ലിംകളെ തല്ലിക്കൊന്നപ്പോഴും പ്രതിപക്ഷം മൗനമവലംബിക്കുകയായിരുന്നു. പ്രതിഷേധിച്ചാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാവുമെന്ന് അവര്‍ വിചാരിച്ചു. ഈ നിസ്സംഗത അവരുടെ തന്നെ കുഴിമാടം തോണ്ടുകയായിരുന്നു. കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം അവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കുന്നവര്‍ എത്ര ശക്തരാണെങ്കിലും അവര്‍ക്കെതിരേ പോരാടിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഫാഷിസത്തെയും വിഭാഗീയതയെയും ജനങ്ങള്‍ പാരജയപ്പെടുത്തിയ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുടനീളം കാണാനാവും. സംഘപരിവാര്‍ ഫാഷിസത്തെ നേരിടാനുള്ള പ്രാപ്തി നമ്മുടെ രാജ്യത്തിനുണ്ട്. പൊതുസമൂഹം അവരുടെ ശക്തി തിരിച്ചറിയണമെന്നും ഫാഷിസത്തിനെതിരായ പോരാട്ടത്തിനായി മുന്നോട്ട് വരണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News