അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിക്കുമ്പോള്‍ മോദി എഴുന്നേറ്റു നിന്നില്ല; അനാദരവെന്ന് പ്രതിപക്ഷം

Update: 2024-03-31 18:14 GMT
ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്ന വേളയില്‍, ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. പ്രധാനമന്ത്രി എഴുന്നേറ്റു നില്‍ക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

അദ്വാനിക്ക് രാഷ്ട്രപതി പുരസ്‌കാരം സമര്‍പ്പിക്കുന്ന ചിത്രം പങ്കുവച്ച് എക്‌സിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. ബിജെപിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.

ഞായറാഴ്ച അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന സമര്‍പ്പണ വേളയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതരായിരുന്നു.




Tags:    

Similar News