2024ലെ തിരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കും, ശേഷം വിദേശത്ത് സ്ഥിരതാമസമാക്കും; പരിഹാസവുമായി ലാലുപ്രസാദ്
ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അപൂര്‍വമായാണ് ലാലു പ്രസാദ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
പട്ന: 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രിയെന്നും വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നും ലാലു പ്രസാദ് പരിഹസിച്ചു.
പ്രതിപക്ഷസഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സിനെ(ഇന്ത്യ) വിമര്‍ശിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷഐക്യത്തിന്റെ രൂപീകരണം അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനരാഷ്ട്രീയത്തിലും ഊന്നിയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ഐക്യത്തിനെതിരെ ക്വിറ്റ് ഇന്ത്യ എന്ന പരിഹാസപരാമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിന് മറുപടിയായാണ് ലാലു പ്രസാദിന്റെ പരിഹാസം.മോദിയാണ് രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നത്. അക്കാരണം കൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസയും ചൗമീനും പോലെയുള്ള ഭക്ഷണങ്ങളൊക്കെ ആസ്വദിച്ചു കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അദ്ദേഹം, ലാലുപ്രസാദ് പറഞ്ഞു.
മകനും ബിഹാര്‍ പരിസ്ഥിതി മന്ത്രിയുമായ തേജ് പ്രതാപ് യാദവ് നടത്തിയ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അപൂര്‍വമായാണ് ലാലു പ്രസാദ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.