2024 തിരഞ്ഞെടുപ്പ്: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും

Update: 2022-04-16 17:15 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും. സോണിയാഗാന്ധിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതേ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.

യോഗത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. കൂടാതെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എ കെ ആന്റണി, ജെയ്‌റാം രമേശ്, അജയ് മക്കന്‍, അംബികാ സോണി, കെ സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

2024 തിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനെക്കുറിച്ച് പ്രശാന്ത് വിശദമായ റോഡ് മാപ് അവതരിപ്പിച്ചുവെന്ന് യോഗത്തിനുശേഷം കെ സി വേണുഗോപാല്‍ പ്രതികരിച്ചു. യുപി, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കും തമിഴ്‌നാട്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സഖ്യമായും മല്‍സരിക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം, അത് രാഹുല്‍ ഗാന്ധിയും അംഗീകരിച്ചു.

2024 പൊതുതിരഞ്ഞെടുപ്പില്‍ 370 സീറ്റിനുവേണ്ടിയായിരിക്കണം മല്‍സരിക്കേണ്ടതെന്ന് കിഷോര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. യുപി, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ സഖ്യമൊഴിവാക്കി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ്  നിര്‍ദേശം. ഈ നിര്‍ദേശത്തോട് ചില എതിര്‍പ്പുകള്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. ബീഹാറില്‍ ആര്‍ജെഡിയുമായി സഖ്യമുണ്ട്. ഒഡീഷയിലാകട്ടെ ആകെ ഒരാളെയാണ് പാര്‍ലമെന്റിലെത്തിക്കാനായത്. യുപിയിലും സ്ഥിതി വ്യത്യസ്തമല്ല. തന്റെ ഉപദേശമനുസരിച്ചുള്ള തീരുമാനമെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന് 2024ല്‍ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് പ്രശാന്ത് പറഞ്ഞു.

ഇതേകുറിച്ച് സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഒരു ചെറിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നും എന്നാല്‍ ഏതെങ്കിലും തസ്തികയില്‍ നിയമിക്കപ്പെടാനിടയില്ലെന്നുമാണ് അറിയുന്നത്. 

Tags:    

Similar News