ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടാന്‍ മോദിയില്ല

ബംഗളൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോദി മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രസ്തുത മണ്ഡലത്തില്‍ തേജസ്വി സൂര്യയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

Update: 2019-03-26 03:49 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറി ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം. ബംഗളൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോദി മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രസ്തുത മണ്ഡലത്തില്‍ തേജസ്വി സൂര്യയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ, മോദി ദക്ഷിണേന്ത്യയില്‍ നിന്നു മല്‍സരിക്കാനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ബിജെപിയുടെ ശക്തമായ മണ്ഡലമായ ബംഗളൂരു സൗത്തിലേക്ക് മോദിയെത്തുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഒമ്പതാം സ്ഥാനാര്‍ഥി പട്ടികയില്‍ കര്‍ണാടകത്തിലെ രണ്ട് സീറ്റുള്‍പ്പെടെ പ്രഖ്യാപിച്ചപ്പോഴാണ് മോദി വരില്ലെന്ന് ഉറപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനമായില്ല. വയനാട്ടിലേക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ഥികളെ ഒഴിച്ചിട്ടിരിക്കുകയാണ്. തീരുമാനമായിട്ടില്ലെന്നാണ് ദേശീയ നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞതോടെ പിന്‍മാറിയ ടി സിദ്ദീഖും അനിശ്ചിതത്വം തുടരുന്നതിനാല്‍ പ്രചാരണം പ്രതിസന്ധിയിലായ വടകരയിലെ കെ മുരളീധരനും ത്രിശങ്കുവിലാണ്. ഏതായാലും മോദിയും രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടാനുള്ള സാധ്യത കുറഞ്ഞുവരികയാണ്.




Tags:    

Similar News