മോദി ഭക്തരായ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം നല്‍കരുത്; രാജ്യത്തെ വനിതാ വോട്ടര്‍മാരോട് കെജരിവാള്‍

Update: 2024-03-10 11:32 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിച്ച് കൊണ്ടിരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ശനിയാഴ്ച ഡല്‍ഹിയില്‍ സ്ത്രീകളുമായി നടന്ന സംവാദ പരിപാടിയിലാണ്കെജരിവാളിന്റെ പ്രതികരണം. 'പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് ജപിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ ഭാര്യമാരുടെതാണ്. അത്തരത്തിലുള്ള ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെങ്കില്‍ ഭക്ഷണം തരില്ലെന്ന് നിങ്ങള്‍ അവരോട് പറയണം', കെജ്രിവാള്‍ പറഞ്ഞു.തന്നെയും എ.എ.പി സര്‍ക്കാരിനെയും പിന്തുണക്കുമെന്ന് കുടുംബാംഗങ്ങളെ കൊണ്ട് സത്യം ചെയ്യിക്കണമെന്നും സ്ത്രീകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കെജരിവാള്‍ മാത്രമാണ് കൂടെ ഉണ്ടാകുള്ളൂ എന്ന് ബി.ജെ.പിയെ പിന്തുണക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഞാന്‍ വൈദ്യുതി സൗജന്യമാക്കി. സ്ത്രീകളുടെ ബസ് ടിക്കറ്റുകള്‍ സൗജന്യമാക്കി. ഇത് കൂടാതെ സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ നല്‍കാനും തീരുമാനമെടുത്തു. അതിനാല്‍ ഇത്തവണ എ.എ.പിക്ക് വോട്ട് ചെയ്യാന്‍ ബി.ജെ.പിയെ പിന്തുണക്കുന്ന എല്ലാ സ്ത്രീകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', കെജരിവാള്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പാണ് നടത്തുന്നതെന്നും എ.എ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ,18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി ഡല്‍ഹി ബജറ്റില്‍ എ.എ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.






Tags:    

Similar News