വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കെജ്‌രിവാള്‍; ഈ വിജയം രാജ്യത്തിനുള്ള സന്ദേശം
ഇത് ഡല്‍ഹി നിവാസികളുടെ മൊത്തം വിജയമാണ്. എല്ലാ കുടുംബങ്ങളുടെയും വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ടുനല്‍കിയല്ലോ, എന്നെ സ്‌നേഹിച്ചല്ലോ.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും തിളക്കമാര്‍ന്ന വിജയത്തിലേക്ക് ആം ആദ്മി പാര്‍ട്ടിക്ക് കടക്കാനായതില്‍ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഈ വിജയം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍, വികസനരാഷ്ട്രീയത്തിന്റെ കാലമാണിനി. രാഷ്ട്രീയ എതിരാളികളെയോ എതിര്‍പ്രചാരണങ്ങളെയോ പരാമര്‍ശിക്കാതെ, എല്ലാവരോടും സ്‌നേഹം മാത്രമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെയാണ് ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്. 'ഐ ലൗ യു, ദില്ലിവാലോം' (ദില്ലിക്കാരേ, നിങ്ങളെ ഓരോരുത്തരെയും ഞാന്‍ സ്‌നേഹിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട്, ഫ്‌ളൈയിങ് കിസ്സുമായി സംസാരിച്ചു തുടങ്ങിയ കെജ്‌രിവാള്‍ ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണെന്ന് പറഞ്ഞു.
'ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ഇങ്ക്വിലാബ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. മൂന്നാം തവണയും ഈ മകനില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി. ഇത് ഡല്‍ഹി നിവാസികളുടെ മൊത്തം വിജയമാണ്. എല്ലാ കുടുംബങ്ങളുടെയും വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ടുനല്‍കിയല്ലോ, എന്നെ സ്‌നേഹിച്ചല്ലോ. ഇതെന്റെ മാത്രം വിജയമല്ല. മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികില്‍സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. ഡല്‍ഹിക്കാര്‍ രാജ്യത്തോട് ഒരു പുതിയ സന്ദേശം നല്‍കുകയാണ്. ഇനി സ്‌കൂളുണ്ടാക്കുന്നവര്‍ക്കാണ് വോട്ട്. മൊഹല്ല ക്ലിനിക്കുണ്ടാക്കിയവര്‍ക്കാണ് വോട്ട്. 24 മണിക്കൂര്‍ വൈദ്യുതി നല്‍കിയവര്‍ക്കാണ് വോട്ട്. റോഡ് തന്നവര്‍ക്ക്, വൈദ്യുതിയും വെള്ളവും തന്നവര്‍ക്കാണ് വോട്ട്. ഇത് രാജ്യത്തിന്റെ വിജയം, ഭാരത് മാതാവിന്റെ ജയം. ഇന്ന് ചൊവ്വാഴ്ചയാണ്.
ഭഗവാന്‍ ഹനുമാന്റെ ദിവസം. ഇത് ഹനുമാന്‍ജിയുടെ അനുഗ്രഹമാണ്. അദ്ദേഹം ഡല്‍ഹിക്കുമേല്‍ കൃപ ചൊരിയുന്നു. അടുത്ത അഞ്ചുവര്‍ഷവും ഡല്‍ഹി കുടുംബത്തിലെ നമ്മളെല്ലാം ചേര്‍ന്ന് ഡല്‍ഹിയെ സുന്ദരനഗരമാക്കും. എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയംതൊട്ട നന്ദി. എന്റെ കുടുംബത്തിനും നന്ദി. എന്റെ ഭാര്യയുടെ ജന്‍മദിനം കൂടിയാണിന്ന്. എല്ലാവരും തയ്യാറല്ലേ ?- കെജ്‌രിവാള്‍ ചോദിച്ചു. നേരത്തെ, കേജരിവാള്‍ ഹനുമാന്‍ സ്‌തോത്രം ചൊല്ലുന്നത് സംബന്ധിച്ച് ബിജെപി പരിഹാസത്തോടയുള്ള പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കെജ്‌രിവാള്‍ പരാജയഭീതിയേത്തുടര്‍ന്ന് ഹനുമാന്‍ സ്‌തോത്രങ്ങള്‍ ചൊല്ലുകയാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് ഹനുമാന്റെ അനുഗ്രഹമെന്ന് കെജ്‌രിവാള്‍ പറഞ്ഞത്.