'ഭാരത് മാതാ കി ജയ്' ആണോ 'ജിന്ന വാലി ആസാദി'യാണോ വേണ്ടതെന്ന് കേന്ദ്രമന്ത്രി
ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ ബന്ധമാണുള്ളത്
ന്യൂഡല്‍ഹി: 'ഭാരത് മാതാ കി ജയ്' ആണോ 'ജിന്ന വാലി ആസാദി'യാണോ വേണ്ടതെന്ന് ഡല്‍ഹി ജനത തീരുമാനിക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കു ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തെ എതിര്‍ക്കുന്ന ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു.
'ജിന്ന വാലി ആസാദി' എന്ന മുദ്രാവാക്യം അവിടെ ഉയര്‍ത്തുന്നത് ഞങ്ങള്‍ കണ്ടു. ഇപ്പോള്‍ ജിന്ന വാലി ആസാദി അല്ലെങ്കില്‍ ഭാരത് മാതാ കി ജയ് വേണോ എന്ന് ഡല്‍ഹി ജനതയ്ക്കു തീരുമാനിക്കാമെന്നും ഷാഹീന്‍ ബാഗ് സമരത്തെ ലക്ഷ്യമിട്ട് ജാവ്‌ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ എന്തുകൊണ്ടാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ ഇരു പാര്‍ട്ടികളോടും ചോദിക്കണം. ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ ബന്ധമാണുള്ളത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും പ്രതിഷേധത്തെ പിന്തുണച്ചെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു. സമീപ പ്രദേശമായ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഡിസംബര്‍ രണ്ടാംവാരത്തോടെ ഷാഹീന്‍ ബാഗിലെ വീട്ടമ്മമാര്‍ പ്രതിഷേധം തുടങ്ങിയത്. തെക്ക് കിഴക്കന്‍ ഡല്‍ഹിയെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് ഉപരോധിച്ചാണ് പ്രതിഷേധം.