ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭം ഉയരുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്.
പൂനെ: ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പൂനെയില്‍ നടന്ന എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭം ഉയരുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്.
രാജ്യത്തെ സത്രമാക്കി മാറ്റാനാണോ അവര്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യമുയര്‍ത്തി ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവരെ മന്ത്രി വിമര്‍ശിച്ചു. ഉദ്ദം സിംഗും ഭഗത് സിംഗും നേതാജി സുഭാഷ് ചന്ദ്ര ബോസും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ജീവത്യാഗം ചെയ്തത്. അവ പാഴായിപ്പോകയാണോ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത്. നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ എന്ന് ഈ രാജ്യം ചര്‍ച്ച ചെയ്യും. രാജ്യത്തെ ഒരു സത്രമാക്കി മാറ്റാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാന്‍ അനുവദിക്കണോ?ഈ വെല്ലുവിളിയെ നാം നേരിടണം. ഒരു കാര്യം വ്യക്തമായി പറയാം. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ ' ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.