'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവരുടെ വോട്ടിന് മൂല്യമില്ല; വിവാദപ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ഥി

കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദപ്രസ്താവന നടത്തിയത്.

Update: 2019-10-08 19:35 GMT

ന്യൂഡല്‍ഹി: 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് മൂല്യമില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദപ്രസ്താവന നടത്തിയത്. പ്രചാരണത്തില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു 'ഭാരത് മാതാ കീ ജയ്' എന്ന് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജനങ്ങളില്‍ ഭൂരിഭാഗവും പ്രതികരിച്ചില്ല. ഇതോടെയാണ് രോഷാകുലയായ സൊനാലി ജനങ്ങള്‍ക്കുനേരെ ആക്രോശിച്ചത്. നിങ്ങളെപ്പോലെ ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിനു ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോര്‍ത്ത് എനിക്കു ലജ്ജതോന്നുന്നു.

നിങ്ങള്‍ പാകിസ്താനില്‍നിന്നുള്ളവരാണോ, ഇന്ത്യക്കാരാണെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് ഉറക്കെ വിളിച്ചുപറയണം. സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല. നിങ്ങള്‍ക്കു നിങ്ങളോടു തന്നെ ലജ്ജ തോന്നണമെന്നും സൊനാലി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയകൡ വ്യാപകമായി പ്രചരിക്കുകയാണ്. പ്രമുഖ ആപ്പായ ടിക് ടോക്കില്‍ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയ്‌ക്കെതിരേ ഹരിയാനയിലെ അദംപൂര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. ഒമ്പതുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌നോയ്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്. 

Tags:    

Similar News