ഇനി നരേന്ദ്ര മോദിയെന്ന് വിളിക്കേണ്ട; ആ കുഞ്ഞിന്റെ പേരുമാറ്റി
കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ടത് തന്നെയായിരുന്നു ഇവരെ പിണക്കിയത്. ഇതോടെ തീരുമാനം മാതാപിതാക്കള്‍ മാറ്റുകയായിരുന്നു.
ഗോണ്ട: നവജാത ശിശുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട് വാര്‍ത്തയില്‍ ഇടംനേടിയ യുപിയിലെ ഗോണ്ടയിലെ മുസ്‌ലിം കുടുംബം കുഞ്ഞിന്റെ പേരുമാറ്റി.രാജ്യം ഉറ്റുനോക്കിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ടായിരുന്നു യുപിയിലെ ഗോണ്ടയിലുള്ള മുസ്‌ലിം കുടുംബം വാര്‍ത്തയില്‍ ഇടംപിടിച്ചത്. എന്നാല്‍ കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ടതോടെ കുടുംബങ്ങള്‍ തങ്ങളില്‍ നിന്ന് അകന്നെന്നും കുഞ്ഞിന്റെ ജനനചടങ്ങുകള്‍ക്ക് എത്താന്‍ അവര്‍ തയ്യാറായില്ലെന്നും പേര് മാറ്റാനിടയാക്കിയതെന്ന് കുടുംബം പറഞ്ഞു. പേരിട്ട് ഒരാഴ്ച തികയും മുമ്പാണ് പേരുമാറ്റി അല്‍താഫ് ആലം മോദി എന്ന പുതിയ പേരിട്ടിരിക്കുന്നത്.
'അതെ, എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബയിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്' ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അന്ന് കുട്ടിയുടെ അമ്മ മെഹ്‌നാസ് ബീഗം പറഞ്ഞത്.
എന്നാല്‍ കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ടത് തന്നെയായിരുന്നു ഇവരെ പിണക്കിയത്. ഇതോടെ തീരുമാനം മാതാപിതാക്കള്‍ മാറ്റുകയായിരുന്നു. നരേന്ദ്ര മോദിയെന്ന പേരിന് പകരം അല്‍താഫ് ആലം മോദിയെന്നാക്കി. ഇപ്പോഴും മോദി എന്ന വാക്ക് പേരില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു.
അതേസമയം കുഞ്ഞിന്റെ ജനന തിയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാല്‍, കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ജനന രജിസ്‌ട്രേഷന് തെറ്റായ തിയ്യതിയാണ് മെഹ്‌നാസ് ബീഗം നല്‍കിയതെന്നും അവര്‍ ആരോപിച്ചു.