30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി

രാവിലെ ആറു മുതല്‍ എട്ട് വരെയാണ് ഘോഷയാത്രക്ക് അനുവദിച്ചിട്ടുള്ള സമയം.

Update: 2023-07-27 05:10 GMT

ശ്രീനഗര്‍: 30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി. ഗുരു ബസാര്‍ മുതല്‍ ശ്രീനഗറിലെ ദാല്‍ഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിലാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയത്. ഷിയ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയതെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.

നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നല്‍കിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാന്‍ കാരണമെന്ന് കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് കുമാര്‍ ബിധുരി പറഞ്ഞു. എല്ലാ ഗ്രൂപ്പുകളിലെയും ഷിയ മുസ്ലിം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക കമ്മിറ്റിയുമായും ഭരണകൂടം നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.

ഗുരുബസാറില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്ര ഒഴികെയുള്ള മറ്റു ഘോഷയാത്രകള്‍ റൂട്ടില്‍ വ്യക്തിഗതമായോ കൂട്ടായോ നടത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രവൃത്തിദിനം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാവിലെ ആറു മുതല്‍ എട്ട് വരെയാണ് ഘോഷയാത്രക്ക് അനുവദിച്ചിട്ടുള്ള സമയം.


Tags:    

Similar News