ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ കുത്തിക്കൊന്നു

Update: 2019-09-23 06:31 GMT

മുംബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു. മുംബൈയില്‍ ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷ് പവാര്‍ എന്നയാളെ പാന്ത് നഗര്‍ പോലിസ് പിടികൂടി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 6.30ഓടെ മണ്ഡോട്ടിന്റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഗണേഷ് പവാര്‍ മണ്ഡോട്ടിന്റെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

    നാട്ടുകാര്‍ ഉടനെ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഗണേഷിനും സാരമയ പരിക്കേറ്റിട്ടുണ്ട്. മേലുദ്യോഗസ്ഥന്റെ നടപടിയിലുണ്ടായ ദേഷ്യവും വൈരാഗ്യവുമാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലിസ് പറഞ്ഞു. ഫെബ്രുവരി 20നാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സപ്തംബര്‍ 18ന് പിരിച്ചുവിട്ടു. ഒരുമാസത്തെ ശമ്പളം നല്‍കാതെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് ഗണേഷ് പവാറിന്റെ ആരോപണം.




Tags:    

Similar News