ബിനോയ് കോടിയേരിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും; കുരുക്ക് മുറുക്കി മുംബൈ പോലിസ്

ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബിനോയിയുടെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്. പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.

Update: 2019-06-22 01:38 GMT

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ പിടികൂടുന്നതിന് മുംബൈ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബിനോയിയുടെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്. പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ ഓഷിവാര പോലിസ് മൊഴിയെടുക്കാന്‍ കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വിവരശേഖരണത്തിനായി കേരളത്തിലുള്ള സംഘം ശനിയാഴ്ചയും പരിശോധന തുടരും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ പോലിസ് മറ്റ് നിയമനടപടികളിലേക്ക് കടക്കൂ. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതരകുറ്റങ്ങളാണ് ബിനോയിക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബിനോയ് കോടിയേരിക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ച് കുരുക്ക് മുറുക്കാനാണ് മുംബൈ പോലിസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ബിനോയ് ആണോ കുട്ടിയുടെ പിതാവെന്ന് തെളിയിക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് പോലിസ് പറയുന്നത്. ഡിഎന്‍എ സാമ്പിളെടുക്കാന്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കണം. ബിനോയ് ഒളിവിലായതിനാല്‍ അന്വേഷണം മുന്നോട്ടുനീങ്ങുന്നില്ലെന്നും പോലിസ് കോടതിയെ അറിയിച്ചു. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

യുവതിയുടെ പരാതി വ്യാജമായതിനാല്‍ ഡിഎന്‍എ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി വിധി പറയാനായി മുംബൈ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്നാണ് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുകയാണ് യുവതിയുടെ ലക്ഷ്യം. കേസ് കെട്ടിച്ചമച്ചതാണെന്നതിന് യുവതി നല്‍കിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News