കനത്ത മഴയും വെള്ളപ്പൊക്കവും; മുംബൈയില്‍ രണ്ടുദിവസം റെഡ് അലര്‍ട്ട്

ഇന്നും നാളെയും മഹാരാഷ്ട്രയിലെ മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയും നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

Update: 2020-08-04 05:42 GMT

മുംബൈ: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ശക്തമായ മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ മുംബൈയില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലും താനെയിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലും ഇന്നും കനത്ത മഴയാണ് മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. ഇന്നും നാളെയും മഹാരാഷ്ട്രയിലെ മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയും നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

റോഡുകളെല്ലാം വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങിക്കഴിഞ്ഞു. ഗതാഗതവും താറുമാറായിരിക്കുകയാണ്. ചൊവ്വാഴ്ച റായ്ഗഡ്, രത്നഗിരി ജില്ലകളിലും ബുധനാഴ്ച പാല്‍ഘര്‍ ജില്ലയിലും റെഡ് അലര്‍ട്ടുണ്ട്. ഇതെത്തുടര്‍ന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നാണ് ബിഎംസി മുന്നറിയിപ്പ് നല്‍കുന്നത്. ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരങ്ങളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും ആരും പോവരുതെന്നാണ് നിര്‍ദേശം.

4.51 മീറ്ററോളം ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ട്. തീരസുരക്ഷാ സേനയോടും ദ്രുതകര്‍മ സേനയോടും ദുരന്തനിവാരണവകുപ്പിനോടും ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) വകുപ്പിനോടും ജാഗരൂകരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 10 മണിക്കൂറില്‍ 230 മില്ലീമീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. റായ്ഗഡ്, രത്നഗിരി ജില്ലകളിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 204.5 മില്ലീമീറ്റര്‍ മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയുടെ മറ്റു പ്രദേശങ്ങളിലും മഴ വ്യാപകമായി ലഭിക്കുമെങ്കിലും ഇത്രത്തോളം ശക്തമായിരിക്കില്ല. മഴയെത്തുടര്‍ന്ന് മിത്തി നദിയിലെ ജലനിരപ്പ് വര്‍ധിക്കുകയാണെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളുണ്ടായാല്‍ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ബിഎംസി ആവശ്യപ്പെട്ടു.  

Tags:    

Similar News