പാഞ്ഞെത്തിയ പുലിയെ ഊന്നുവടി കൊണ്ട് തുരത്തി വയോധിക; വൈറലായി വീഡിയോ

Update: 2021-09-30 08:46 GMT

മുംബൈ: ആക്രമിക്കാനായി പാഞ്ഞടുത്ത പുലിയെ ഊന്നുവടികൊണ്ട് സാഹസികമായി തുരത്തിയോടിക്കുന്ന വയോധികയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്നലെ രാത്രി 7.45 ഓടെ മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ആരെ മില്‍ക്ക് കോളനിയിലാണ് സംഭവമുണ്ടായത്. പുലി പതുങ്ങി വന്ന് വൃദ്ധയെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഊന്നുവടിയുടെ സഹായത്തോടെ നടന്നുവരികയായിരുന്നു 55കാരിയായ നിര്‍മലാ ദേവി സിങ്.

നടന്ന് തളര്‍ന്നതിനെത്തുടര്‍ന്ന് നിര്‍മലാദേവി വീടിന്റെ മുന്‍വശത്തിരുന്നു. ഈ സമയത്താണ് പിന്നിലൂടെ പതുങ്ങിയെത്തിയ പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. പുലിയെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് നിര്‍മലാദേവി കണ്ടത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പുലി നേരത്തെ തന്നെ വീടിന്റെ വരാന്തയിലുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.

പുലി നിര്‍മലയെ അടിച്ചുവീഴ്ത്തി. നിലത്തുവീണുപോയ നിര്‍മല മനോധൈര്യം കൈവിടാതെ ഊന്നുവടികൊണ്ട് പുലിയെ ആഞ്ഞടിച്ചു. വീണ്ടും മുന്നോട്ടടുത്ത പുലിയെ ഊന്നുവടികൊണ്ട് നിര്‍മല നേരിട്ടു. അടി കിട്ടിയ പുലി പേടിച്ച് പിന്‍മാറുന്നതും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിര്‍മലാദേവി ചികില്‍സയിലാണ്. പരിക്ക് ഗുരുതരമല്ല. ആരെ മില്‍ക്ക് കോളനിയില്‍ മൂന്നാമത്തെ പുലിയുടെ ആക്രമണമാണുണ്ടാവുന്നത്. കഴിഞ്ഞ ദിവസമാണ് നാല് വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന ആയുഷിനെ പുലി കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്ക് ഓടുകയായിരുന്നു. കുട്ടിയുടെ അമ്മാവന്‍ വിനോദ്കുമാര്‍ നിലവിളിച്ച് പിന്നാലെ ഓടിയതിനെ തുടര്‍ന്ന് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News