മുംബൈ: മഹാരാഷ്ട്രയിലെ ആരേ കോളനിയിലെ മരംമുറിക്കല്‍ നടപടി താല്‍കാലികമായി നിര്‍ത്തിവച്ച് സുപ്രിംകോടതി. ഈ മാസം 21 വരെ മരം മുറിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. അതേസമയം, മരം മുറിക്കുന്നതിനെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു കൂട്ടം നിയമ വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതി കേസ് പരിഗണിച്ചത്.
മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിക്കുന്ന നടപടികളിലേക്ക് കടന്നത്. എന്നാല്‍, വെള്ളിയാഴ്ച രാത്രിയോടെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ ആരേ കോളനിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500ലേറെ മരങ്ങള്‍ വെട്ടിമാറ്റാനായിരുന്നു തീരുമാനം.