പിതാവ് ഞങ്ങളെ നല്ല മനുഷ്യരാവാന്‍ പഠിപ്പിച്ചു; ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന്റെ മകന്‍

ഞങ്ങള്‍ നല്ല മനുഷ്യരായി വളരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് അദ്ദേഹം എപ്പോഴും ഉപദേശിക്കുമായിരുന്നു- സുബോധ് കുമാറിന്റെ രണ്ടുമക്കളിലൊരാളായ അഭിഷേക് പറഞ്ഞു.

Update: 2018-12-04 09:26 GMT

ബുലന്ദ് ശഹര്‍: പശുവിന്റെ പേരില്‍ കലാപം നടത്തിയ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ മകന്‍ വാര്‍ത്തയറിയുമ്പോള്‍ തന്റെ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളു. തന്റെ ലോകം കീഴ്‌മേല്‍ മറിച്ച സംഭവം ഇപ്പോഴും അവന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഞങ്ങള്‍ നല്ല മനുഷ്യരായി വളരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് അദ്ദേഹം എപ്പോഴും ഉപദേശിക്കുമായിരുന്നു- സുബോധ് കുമാറിന്റെ രണ്ടുമക്കളിലൊരാളായ അഭിഷേക് പറഞ്ഞു.

ഞങ്ങള്‍ തമ്മിലുണ്ടായ അവസാന സംഭാഷണം എന്റെ പഠനത്തെക്കുറിച്ചായിരുന്നു. കൊല്ലപ്പെടുന്നതിന് തലേന്ന് നടന്ന സംഭാഷണത്തില്‍, മാര്‍ക്ക് കുറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു.

അഭിഷേകിന്റെ മൂത്ത സഹോദരന്‍ പിതാവിന്റെ സംസ്‌കാരച്ചടങ്ങിനിടെ സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടി. തന്നോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച് കൊണ്ടാണ് അവസാനം അദ്ദേഹം ഇറങ്ങിപ്പോയത്. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ചില കേസുകള്‍ അന്വേഷിക്കരുതെന്ന് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കൂട്ടാക്കാന്‍ അദ്ദേഹം തയ്യാറിയിരുന്നില്ലെന്ന് മകന്‍ പറഞ്ഞു.

ബുലന്ദ് ശഹറില്‍ പശുവിന്റെ ജഡങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ഹിന്ദുത്വര്‍ നടത്തിയ കലാപത്തിനിടെയാണ് സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടു പോവുന്ന സുബോധ് കുമാര്‍ സിങിന്റെ വാഹനം പിന്തുടര്‍ന്ന് അക്രമികള്‍ വെടിവച്ചുകൊല്ലുകകയായിരുന്നു. ദാദ്രിയില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ മരണം ആദ്യം അന്വേഷിച്ചിരുന്നത് സുബോധ് കുമാര്‍ സിങായിരുന്നു.


Tags:    

Similar News