ഭൂമിയേറ്റെടുക്കാത്ത ഹൈവേ പദ്ധതികള്‍ റദ്ദാക്കാന്‍ ആലോചന
പ്രഖ്യാപിച്ചതും എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തുനല്‍കാത്തതുമായ ദേശീയപാതാ പദ്ധതികളാണ് ഉപേക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഭൂമിയേറ്റെടുത്തു നല്‍കാത്ത ഹൈവേ പദ്ധതികള്‍ റദ്ദാക്കാന്‍ ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നു. പ്രഖ്യാപിച്ചതും എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തുനല്‍കാത്തതുമായ ദേശീയപാതാ പദ്ധതികളാണ് ഉപേക്ഷിക്കുന്നത്. ഭൂമിയേറ്റടുക്കലിനുള്ള കാലതാമസവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളില്‍ അതോറിറ്റി കുടുങ്ങിയ സാഹചര്യത്തിലാണു തീരുമാനം.
കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയില്‍ തുടങ്ങിയതും ഭൂമിയേറ്റെടുക്കല്‍ വൈകിയതുകൊണ്ട് പൂര്‍ത്തിയാകാത്തതുമായ പദ്ധതികളെയാണ് പുതിയതീരുമാനം ബാധിക്കുക. എന്നാല്‍ കരാറുകാര്‍ക്ക് അവര്‍ ചെയ്ത ജോലിയുടെ പണം നല്‍കും. പൂര്‍ത്തിയാകാത്തഭാഗം റദ്ദാക്കുകയുംചെയ്യും.
പുതിയ ഇപിസി പദ്ധതി തുടങ്ങണമെങ്കില്‍ 90 ശതമാനം ഭൂമി ഏറ്റെടുത്തിരിക്കണമെന്നാണു വ്യവസ്ഥ. കരാറുകാരനെ പണി ഏല്‍പ്പച്ചുകഴിഞ്ഞാല്‍, ആറു മാസത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തു നല്‍കണമെന്നും ചട്ടം വരും.
ഭൂമിയേറ്റെടുക്കല്‍, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരേ കേസും കോടതി നടപടിയും അടുത്തകാലത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കരാറുകാര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലും വര്‍ധനയുണ്ട്.
ഈ സാഹചര്യത്തിലാണ് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് അതോറിറ്റി നിശ്ചയിക്കുന്നത്.