ദേശീയപാത വികസനം; 23ന് ശേഷം ഉന്നതതലയോഗം

ദേശീയപാത വികസനത്തില്‍ കേന്ദ്രം തടസം നിന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതിനായി മുഖ്യമന്ത്രിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആദ്യം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ദേശീയപാത അതോറിറ്റിയിലെ ഉന്നതോദ്യോഗസ്ഥരെ അടക്കം പങ്കെടുക്കും.

Update: 2019-05-21 08:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതലയോഗം വിളിക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന 23ന് ശേഷമായിരിക്കും യോഗം നടക്കുക.

ദേശീയപാത വികസനത്തില്‍ കേന്ദ്രം തടസം നിന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതിനായി മുഖ്യമന്ത്രിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആദ്യം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ദേശീയപാത അതോറിറ്റിയിലെ ഉന്നതോദ്യോഗസ്ഥരെ അടക്കം പങ്കെടുക്കും.

ദേശീയപാതയുടെ വികസനം തടസ്സപ്പെടുത്തുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ട് പുതുതായി അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരിനെ ഏത് രീതിയില്‍ സമീപിക്കണമെന്ന കാര്യവും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും നേതൃത്വത്തിലുള്ള സംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കണോ അതോ സര്‍വകക്ഷിസംഘത്തിന്റെ നേതൃത്വത്തില്‍ സമീപിക്കണോ എന്ന കാര്യത്തിലും ചര്‍ച്ചകളുണ്ടാകും.

കേരളത്തിലെ ദേശീയപാതാവികസനം മേയ് രണ്ടിന് ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് രണ്ടിലേക്ക് ദേശീയപാതാ അതോറിറ്റി മാറ്റിയതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയിലായത്. സംസ്ഥാനത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നാംപട്ടികയില്‍ത്തന്നെ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വിജ്ഞാപനമായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ധനറാവു കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരേയും ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ അടക്കമുള്ളവരേയും കണ്ടെങ്കിലും കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന മറുപടിയാണ് ലഭിച്ചത്.

പഴയ എന്‍എച്ച് 47, 17 ദേശീയപാതയെ 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതിനിടെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് പണം കൈമാറാത്തതിനാല്‍ ഭൂ ഉടമകളും പ്രതിസന്ധി നേരിടുന്നു. ദേശീയപാതയ്ക്കരികെയുള്ള ഭൂമി വില്‍ക്കാനോ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. 2021ല്‍ പൂര്‍ത്തിയാക്കാനിരുന്ന ദേശീയപാതാ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നടപടിയിലൂടെ തടസ്സപ്പെട്ടത്.

Tags:    

Similar News