ദേശസുരക്ഷ മാധ്യമസ്വാതന്ത്ര്യത്തിനും മുകളിലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ഈ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനു വളരെയധികം ബഹുമാനം നല്‍കുന്നുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍, ദേശസുരക്ഷ അതിന് അപവാദമാണെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു കഴിഞ്ഞ 72 വര്‍ഷവും വെല്ലുവിളിയുണ്ടായിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Update: 2019-03-07 20:53 GMT

ന്യൂഡല്‍ഹി: മാധ്യമസ്വാതന്ത്ര്യത്തിനും മുകളില്‍ തന്നെയാണ് ദേശീയ സുരക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫേല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചതിനു ദ ഹിന്ദു പത്രത്തിനെതിരേ മോഷണക്കുറ്റം ആരോപിച്ച് നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ വാദത്തെ അനുകൂലിച്ചാണ് അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. പ്രതിരോധ വകുപ്പില്‍ നിന്നു റഫേല്‍ യുദ്ധവിമാനങ്ങളുടെ വില്‍പന സംബന്ധിച്ച പ്രധാനപ്പെട്ട രേഖകള്‍ മോഷണം പോയതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു. ഞങ്ങള്‍ വ്യക്തമായി പറയുന്നു. കോടതി എന്താണു തീരുമാനിക്കുകയെന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോടതിക്ക് വിട്ടുകൊടുക്കുകയാണ്. എന്നാല്‍, രാജ്യസുരക്ഷ സംബന്ധിച്ച സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെന്നതു വ്യക്തമാണ്. ഈ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനു വളരെയധികം ബഹുമാനം നല്‍കുന്നുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍, ദേശസുരക്ഷ അതിന് അപവാദമാണെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു കഴിഞ്ഞ 72 വര്‍ഷവും വെല്ലുവിളിയുണ്ടായിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

    കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ദ ഹിന്ദു പത്രം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചു പ്രസിദ്ധീകരിച്ചതിനു ഔദ്യോഗിക വിവരചോരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പൊതുതാല്‍പര്യാര്‍ഥമാണു റഫേല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും പാലിച്ചുകൊണ്ടാണ് വാര്‍ത്ത പുറത്തുവിട്ടതെന്നും പറഞ്ഞ ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം തങ്ങളുടെ വാര്‍ത്താ ഉറവിടത്തെ ഒരിക്കലും വെളിപ്പെടുത്തില്ലെന്നും നിലപാട് വ്യക്തമാക്കിയിരുന്നു. റഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ദ ഹിന്ദു പത്രത്തില്‍ തെളിവുകള്‍ നിരത്തി എന്‍ റാം എഴുതിയ നിരന്തരവാര്‍ത്തകള്‍ മോദി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.




Tags:    

Similar News