നേപ്പാളിലെ ചൈനീസ് കടന്നുകയറ്റം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
നേപ്പാള്‍ സ്വദേശി ബലറാം ബനിയ (50) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേപ്പാളി ദിനപത്രമായ കാന്തിപൂര്‍ ഡെയ്‌ലിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ബനിയ.
കാഠ് മണ്ഡു: നേപ്പാളിലെ റുയി ഗ്രാമത്തില്‍ ചൈനയുടെ കടന്നുകയറ്റം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ (50) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേപ്പാളി ദിനപത്രമായ കാന്തിപൂര്‍ ഡെയ്‌ലിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ബനിയ. മാണ്ഡുവിലെ ഹൈട്രോപവര്‍ പ്രൊജക്ടറിനുസമീപം ബാഗ്മതി നദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് മക്വാന്‍പൂര്‍ ജില്ലാ പോലിസിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നദിയുടെ തീരത്തുകൂടി ബലറാം ഒറ്റയ്ക്ക് നടക്കുന്നതായാണ് അവസാനം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും ഒടുവിലായി കാണിച്ചതും ഇവിടെയാണ്. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആയി. ബലറാമിനെ കാണാതായതോടെ കുടുംബം പോലിസിന് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയവും പാര്‍ലമെന്റ് സമ്മേളനവും പതിവായി റിപോര്‍ട്ട് ചെയ്തിരുന്നത് ബലറാം ആയിരുന്നു.
ഗോര്‍ഖ ജില്ലയിലെ റൂയ് ഗ്രാമത്തില്‍ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് ബനിയ തുടര്‍ച്ചയായി എഴുതിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്. നദിയുടെ തീരത്ത് കണ്ടെത്തിയ മൃതദേഹം ബലറാമിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മക്വാന്‍പൂര്‍ ജില്ലാ പോലിസ് അറിയിച്ചു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഹെതൗഡ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.