നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പ്: 24.33 കോടി തിരികെ കിട്ടിയെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക്

അമേരിക്കയില്‍നിന്ന് വീണ്ടെടുത്ത പണത്തില്‍നിന്ന് ആദ്യവിഹിതമാണ് ബാങ്കിന് ലഭിച്ചത്. നീരവിന്റെ ആസ്തി പൂര്‍ണമായും ഇല്ലാതാക്കിയ യുഎസ് ചാപ്റ്റര്‍ 11 ട്രസ്റ്റി വഴിയാണ് പിഎന്‍ബി അടക്കമുള്ള സുരക്ഷിതമല്ലാത്ത കടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി 11.04 ദശലക്ഷം ഡോളര്‍ (82.66 കോടി) കൈമാറിയത്.

Update: 2020-08-26 10:39 GMT

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നീരവ് മോദി നടത്തിയ തട്ടിപ്പില്‍നിന്ന് 24.33 കോടി രൂപ തിരികെലഭിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നീരവിനെതിരായ സാമ്പത്തിക കുറ്റകൃത്യക്കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍നിന്ന് വീണ്ടെടുത്ത പണത്തില്‍നിന്ന് ആദ്യവിഹിതമാണ് ബാങ്കിന് ലഭിച്ചത്. നീരവിന്റെ ആസ്തി പൂര്‍ണമായും ഇല്ലാതാക്കിയ യുഎസ് ചാപ്റ്റര്‍ 11 ട്രസ്റ്റി വഴിയാണ് പിഎന്‍ബി അടക്കമുള്ള സുരക്ഷിതമല്ലാത്ത കടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി 11.04 ദശലക്ഷം ഡോളര്‍ (82.66 കോടി) കൈമാറിയത്.

ബാങ്ക് മറ്റൊരു 50 കോടി രൂപ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോദിയും മെഹുല്‍ ചോക്‌സിയും നിയന്ത്രിക്കുന്ന മറ്റ് സംരംഭങ്ങളില്‍നിന്ന് പണം നേടാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 14,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. നീരവിന്റെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്, എ ജഫി, ഫാന്റസി എന്നീ കമ്പനികള്‍ ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയില്‍ പാപ്പരത്ത ഹരജി നല്‍കിയതായും വായ്പാ ദാതാക്കള്‍ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ പാപ്പരത്ത നടപടികളില്‍ ചേരാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കടക്കാരായ കമ്പനികളുടെ സ്വത്തുക്കളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അവകാശവാദങ്ങള്‍ യുഎസ് പാപ്പരത്ത കോടതി 2018 ജൂലൈ 26 ലെ ഉത്തരവില്‍ അംഗീകരിച്ചു. കേസിലെ മറ്റൊരു പ്രതിയായ നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നാടുവിട്ടിരുന്നു. ഇതിന് പിന്നാലെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു. തട്ടിപ്പുകേസില്‍ നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരേ ഇന്റര്‍പോള്‍ ചൊവ്വാഴ്ച റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.  

Tags:    

Similar News