ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ല; കോടതി വിധി അംഗീകരിക്കും- മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
കോടതിവിധി അംഗീകരിക്കുമെന്ന് സംഘടനകള്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി. മധ്യസ്ഥസമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥ നിലപാട് തള്ളി ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. പുറത്തുവന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന് കാട്ടി മുസ്‌ലിം സംഘടനകള്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കോടതിവിധി അംഗീകരിക്കുമെന്ന് സംഘടനകള്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി. മധ്യസ്ഥസമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ മുസ്‌ലിം പക്ഷത്തെ കക്ഷികളിലൊന്നാണ് ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.
അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ള അവകാശവാദത്തില്‍ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, ബിജെപി നിയന്ത്രണത്തിലുള്ള യുപി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനെ വ്യക്തിപരമായി സ്വാധീനിച്ച് ഉണ്ടാക്കിയതാണ് ഒത്തുതീര്‍പ്പ് നിര്‍ദേശമെന്ന സൂചനകളും ഉണ്ടായിരുന്നു.
അതേ സമയം, ബാബരി കേസില്‍ മധ്യസ്ഥ സമിതിയുടെ നീക്കത്തിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ച് മുസ്‌ലിം കക്ഷികളുടെ അഭിഭാഷകര്‍ രംഗത്തെത്തി. മധ്യസ്ഥ സമിതി അംഗം ശ്രീറാം പഞ്ചുവും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹ്മദ് ഫാറൂഖിയും ഒത്തുകളിക്കുകയാണെന്നും ഇരുവരും ചേര്‍ന്ന മധ്യസ്ഥ സമിതിയിലെ ചര്‍ച്ചകളും വ്യവസ്ഥകളും ചോര്‍ത്തി നല്‍കുകയാണെന്നും അഭിഭാഷകര്‍ പറഞ്ഞു.
തങ്ങള്‍ ആവശ്യമായ തെളിവുകള്‍ കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കേസില്‍ വിജയിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം മൗലാന സയ്യിദ് അതാറലി പറഞ്ഞു. എന്നാല്‍, കോടതി തീരുമാനം എന്തായാലും അതു മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.