പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ല; മുന്നണി വിടുന്നതില്‍ അന്തിമതീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പവാറുമായി വിഷയം ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച പാര്‍ട്ടി തീരുമാനം പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുമെന്നാണ് കാപ്പന്‍ വ്യക്തമാക്കിയത്. സിറ്റിങ് സീറ്റായ പാലാ ലഭിക്കാത്തത് മാത്രമല്ല, പാര്‍ട്ടിയുടെ വിശ്വാസ്യതയാണ് പ്രശ്‌നം.പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മല്‍സരിച്ച നാല് സീറ്റുകളും തരാമെന്ന ഉറപ്പിലാണ് ഇടതുമുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്.
ന്യൂഡല്‍ഹി: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്‍സിപിയിലെ ഒരുവിഭാഗം എല്‍ഡിഎഫില്‍നിന്ന് പുറത്തേയ്ക്ക്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പാലാ എംഎല്‍എ മാണി സി കാപ്പനാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നും മുന്നണി വിടുന്ന കാര്യം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ശരത് പവാറിനെ കാണാന്‍ കാപ്പനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും ഇന്ന് ഡല്‍ഹിയിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പവാറുമായി വിഷയം ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച പാര്‍ട്ടി തീരുമാനം പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുമെന്നാണ് കാപ്പന്‍ വ്യക്തമാക്കിയത്. സിറ്റിങ് സീറ്റായ പാലാ ലഭിക്കാത്തത് മാത്രമല്ല, പാര്‍ട്ടിയുടെ വിശ്വാസ്യതയാണ് പ്രശ്‌നം. പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മല്‍സരിച്ച നാല് സീറ്റുകളും തരാമെന്ന ഉറപ്പിലാണ് ഇടതുമുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്.
പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷമാണ് ഇടതുമുന്നണിക്ക് ഉണര്‍വുണ്ടായത്. അത് സത്യമല്ലേ ആ സീറ്റ് തോറ്റയാള്‍ക്ക് കൊടുത്ത് ജയിച്ചയാളോട് പോവാന്‍ പറഞ്ഞാല്‍ ന്യായമാണോ. പതിറ്റാണ്ടുകളായി എല്‍ഡിഎഫ് തോറ്റ മണ്ഡലം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത തനിക്ക് സീറ്റ് നിഷേധിക്കുന്നത് ശരിയല്ലെന്നും എല്‍ഡിഎഫ് നീതി കാണിച്ചില്ലെന്നും കാപ്പന്‍ കുറ്റപ്പെടുത്തി. പാലാ നല്‍കാന്‍ കഴിയില്ലെന്ന് പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി അറിയിച്ച കാര്യവും എംഎല്‍എ സ്ഥിരീകരിച്ചു.
14ന് കൊച്ചിയിലെത്തുന്ന എല്‍ഡിഎഫ് ജാഥയില്‍ എന്‍സിപി എറണാകുളം ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല. യുഡിഎഫ് നേതൃത്വവുമായി താന്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും യുഡിഎഫിലേക്ക് പോവുമോ എന്ന കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അംഗീകരിച്ച് ദേശീയ നേതൃത്വം തന്റെ നിലപാട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് വിടില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാടിനെക്കുറിച്ച് തനിക്കറിയില്ല.
10 ജില്ലാ കമ്മിറ്റികള്‍ തനിക്കൊപ്പം ആണെന്ന് ശശീന്ദ്രന്‍ അവകാശപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് എലത്തൂര്‍ ജില്ലയായി ശശീന്ദ്രന്‍ കരുതിക്കാണുമെന്ന പരിഹാസമാണ് കാപ്പന്‍ നല്‍കിയത്. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മാണി സി കാപ്പന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ എന്‍സിപിയില്‍ പിളര്‍പ്പ് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ ഇരുവരും പങ്കെടുക്കുമെന്നും വിവരമുണ്ട്.