സ്‌കൂള്‍ തുറക്കലും പ്ലസ് വണ്‍ പരീക്ഷയും; അന്തിമ തീരുമാനം ഇന്നറിയാം
പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതും ഓണ്‍ലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനങ്ങള്‍ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം.
പ്ലസ്‌വണ്‍ പരീക്ഷാ നടത്തിപ്പിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തും. അതേസമയം പത്തോ പന്ത്രണ്ടോ കുട്ടികളെ വച്ച് സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത് വിക്ടേഴ്‌സ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കാനും ആലോചനയുണ്ട്. വിക്ടേഴ്‌സ് ചാനല്‍ വഴിയുളള ക്ലാസുകളും ഒന്നാം തീയതി തന്നെ തുടങ്ങും. ക്ലാസിന് ശേഷം ഗൂഗ്ള്‍ മീറ്റ് പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സ്‌കൂള്‍തലത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും ആലോചിക്കുന്നുണ്ട്. പ്ലസ്‌വണ്‍ പരീക്ഷ നടത്തണമെന്നും വേണ്ടെന്നും ആവശ്യമുയരുന്നുണ്ട്.