കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് യൂറോപ്യന്‍ യൂനിയന്‍ ഇക്കാര്യം അറിയിച്ചത്. ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ നിര്‍മിത വാക്‌സിന് യൂറോപ്യന്‍ യൂനിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

Update: 2021-06-29 11:07 GMT

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇയു) വ്യക്തമാക്കി. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് യൂറോപ്യന്‍ യൂനിയന്‍ ഇക്കാര്യം അറിയിച്ചത്. ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ നിര്‍മിത വാക്‌സിന് യൂറോപ്യന്‍ യൂനിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ)ക്ക് കൊവിഷീല്‍ഡ് വാക്‌സിന്റെ അംഗീകാരത്തിനായി ഇന്നലെ വരെയും ഒരു അഭ്യര്‍ഥനയും ലഭിച്ചില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അപേക്ഷ ലഭിക്കുമ്പോള്‍ അത്തരം നടപടിക്രമങ്ങള്‍ അനുസരിച്ച് അത് പരിശോധിക്കുമെന്നും ഇയു വ്യക്തമാക്കി. കൊവിഡ് മഹാമാരി മൂലം ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും യൂറോപ്യന്‍ യൂനിയനിലേക്കുള്ള അനാവശ്യയാത്രകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂനിയന്റെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. കൊവിഷീല്‍ഡ് ഇയുവിന്റെ കൊവിഡ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് മൂലം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തിരുന്നു.

ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് ആസ്ട്രസെനകയുടെ വാക്‌സെര്‍വ്രിയ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ നാല് വാക്‌സിനുകള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂനിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും. ഇന്ത്യയില്‍ ഒരു വലിയ ജനസംഖ്യയുണ്ട്. കൊവിഷീല്‍ഡിനെ യൂറോപ്യന്‍ യൂനിയന്‍ കൊവിഡ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുത്താതിരിക്കുന്നത് ഈ വാക്‌സിനെടുത്ത ആളുകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോവുന്നത് തടയപ്പെടുകയാണ്. ഇത് വിദ്യാര്‍ഥികളെയും ബിസിനസ് യാത്രക്കാരെയും ബാധിക്കുകയും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാവുകയും ചെയ്യും- സിറം ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രത്തോട് വിശദീകരിച്ചു.

...........

Tags:    

Similar News