മുംബൈ കോര്‍പറേഷന്റേത് പ്രതികാര നടപടി; കങ്കണയുടെ ബംഗ്ലാവ് പൊളിക്കാനുള്ള നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി

സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് നല്‍കി. ബംഗ്ലാവിന്റെ ഭാഗമായ ഓഫിസ് പൊളിച്ചതിനെതിരേയും രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും കങ്കണ നല്‍കിയ ഹരജിയിലാണ് കോടതി വിധിയുണ്ടായത്.

Update: 2020-11-27 09:27 GMT

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിക്കാന്‍ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബിഎംസി) നല്‍കിയ നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ബോംബെ കോര്‍പറേഷന്റേത് പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് നിരീക്ഷിച്ചാണ് നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയത്. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് നല്‍കി. ബംഗ്ലാവിന്റെ ഭാഗമായ ഓഫിസ് പൊളിച്ചതിനെതിരേയും രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും കങ്കണ നല്‍കിയ ഹരജിയിലാണ് കോടതി വിധിയുണ്ടായത്.

കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണം. മുംബൈ കോര്‍പറേഷന്‍ പൊളിച്ച വീടിന്റെ ഭാഗങ്ങള്‍ നടിക്ക് പുനര്‍നിര്‍മിക്കാമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, അംഗീകൃത പദ്ധതിക്ക് വിധേയമായിരിക്കും. നിര്‍മാണത്തിനുള്ള അനുമതിക്കായി നടി കോര്‍പറേഷന് അപേക്ഷ സമര്‍പ്പിച്ചാല്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. നഷ്ടം കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പരസ്യപ്രസ്താവനകളോട് വിയോജിപ്പ് പ്രകടിപ്പിച്ച കോടതി, സംയമനം പാലിക്കാന്‍ നടിയോട് ആവശ്യപ്പെട്ടു.

കങ്കണയുടെ പ്രകോപനപരമായ ട്വീറ്റുകളാണ് കാരണം. നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടി പാടില്ല. വീട് പൊളിക്കാന്‍ കോര്‍പറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സപ്തംബറിലാണ് കങ്കണയുടെ വീട് പൊളിക്കാന്‍ കോര്‍പറേഷന്‍ ഉത്തരവിട്ടത്. വീടിന്റെ ഒരുഭാഗം പൊളിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരേ വിമര്‍ശനം നടത്തിയതിലുള്ള വിരോധംമൂലമാണ് കോര്‍പറേഷന്റെ നടപടിയെന്നായിരുന്നു നടിയുടെ ആരോപണം.

Tags:    

Similar News