'എന്റെ നബിയെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനീ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍..!'; ബിജെപിയില്‍ നിന്ന് രാജിവച്ച് മുസ്‌ലിം കൗണ്‍സിലര്‍

സൗത്ത് കോട്ട മുനിസിപ്പല്‍ കോര്‍പറേഷനിലെ 14ാം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ തബസും മിര്‍സയാണ് പാര്‍ട്ടി വിടുന്നതായി കാണിച്ച് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയ്ക്കും കോട്ട ജില്ലാ പ്രസിഡന്റ് കൃഷന്‍ കുമാര്‍ സോണിക്കും കത്ത് അയച്ചത്.

Update: 2022-06-14 18:37 GMT

നൂപുര്‍ ശര്‍മ

ജയ്പൂര്‍: പാര്‍ട്ടി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ മുസ്‌ലിം മുനിസിപ്പല്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സൗത്ത് കോട്ട മുനിസിപ്പല്‍ കോര്‍പറേഷനിലെ 14ാം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ തബസും മിര്‍സയാണ് പാര്‍ട്ടി വിടുന്നതായി കാണിച്ച് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയ്ക്കും കോട്ട ജില്ലാ പ്രസിഡന്റ് കൃഷന്‍ കുമാര്‍ സോണിക്കും കത്ത് അയച്ചത്.

തബസും മിര്‍സ 10 വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോവുന്നത് അസാധ്യമായതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി. പാര്‍ട്ടി അംഗമായതില്‍ കടുത്ത ദുഖവും ഖേദവും പ്രകടിപ്പിക്കുന്നതായും സതീഷ് പൂനിയക്ക് അയച്ച കത്തില്‍ തബസും മിര്‍സ വ്യക്തമാക്കി.

തന്റെ നബിയെ വിമര്‍ശിക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് തബസും മിര്‍സ പറഞ്ഞു.

പ്രവാചകനെതിരേ ഇത്രവലിയ അധിക്ഷേപമുണ്ടായിട്ടും താന്‍ ബിജെപിയില്‍ തുടരുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്താല്‍ തന്നെക്കാള്‍ വലിയ കുറ്റവാളി മറ്റാരും ഉണ്ടാകില്ലെന്നും ഇപ്പോള്‍ തിരിച്ചറിവ് ഉണ്ടായെന്നും ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും തബസും മിര്‍സ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News