രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചു; ഡല്‍ഹിയില്‍ നഴ്‌സ് അറസ്റ്റില്‍

Update: 2021-07-31 03:02 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച നഴ്‌സ് അറസ്റ്റിലായി. ഷഹദാരയിലെ വിവേക് വിഹാറിലുള്ള ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്‌സ് സോമയ്യ (24) എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ സബീബ് എന്നയാളുടെ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. മെയിലാണ് ഇയാളുടെ ഭാര്യ ഇരട്ട കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്.

അടുത്തിടെ കുട്ടികളിലൊരാള്‍ക്ക് അസുഖം ബാധിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 18നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മകന് പരിക്കേറ്റെന്ന് പറഞ്ഞ് ജൂലൈ 24ന് ആശുപത്രിയില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഗുരുതരമായ പാടുണ്ടായിരുന്നു. പരിക്കിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. മകന്റെ കൈ ഒടിഞ്ഞതും മുഖം വീര്‍ത്തതും കണ്ട് താന്‍ ഞെട്ടിപ്പോയെന്നും പിതാവ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 24ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതായി കണ്ടെത്തിയത്. ഇതോടെ ജൂലൈ 27ന് സാബിബ് പോലിസില്‍ പരാതി നല്‍കി. ജോലിസമയത്ത് നഴ്‌സ് പലപ്പോഴും മദ്യപിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഷഹദാര ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആര്‍ സത്യസുന്ദരം പറഞ്ഞു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News