തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ബുര്‍ഹാന്‍ വാനിയുടെയും സാകിര്‍ മൂസയുടെയും മണ്ണില്‍ ബിജെപിയെ സഹായിക്കും: ഉമര്‍ അബ്ദുല്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണിക്കരുത്. അത്തരത്തിലുണ്ടായാല്‍ ത്രാലില്‍ നിന്നടക്കം ബിജെപി എംഎല്‍എ ഉണ്ടാവുമെന്നും ഉമര്‍ അബ്ദുല്ല വ്യക്തമാക്കി

Update: 2019-07-26 18:43 GMT

ശ്രീനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കശ്മീരികള്‍ വോട്ട് ബഹിഷ്‌കരിക്കരുതെന്നും ഇത്തരം നടപടികള്‍ അത്യന്തികമായി ബിജെപിയെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. കശ്മീരികള്‍ വോട്ടു ബഹിഷ്‌കരിക്കുന്നതിലൂടെ ബിജെപി പ്രതിനിധി വിജയിക്കുകയാണ് ചെയ്യുകയെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണിക്കരുത്. അത്തരത്തിലുണ്ടായാല്‍ ത്രാലില്‍ നിന്നടക്കം ബിജെപി എംഎല്‍എ ഉണ്ടാവും. ബുര്‍ഹാന്‍ വാനിയുടെയും സാകിര്‍ മൂസുയുടെയും മണ്ണില്‍ നിന്നും ബിജെപി എംഎല്‍എ ഉണ്ടാവുന്നതിനെ കുറിച്ചു ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു.

പ്രസ്താവന വിവാദമായതോടെ ബുര്‍ഹാന്‍ വാനിയെയും സാകിര്‍ മൂസയെയും താന്‍ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു ഉമര്‍ അബ്ദുല്ല പിന്നീട് വ്യക്തമാക്കി. ബുര്‍ഹാന്‍ വാനിയുടെയും സാകിര്‍ മൂസയുടെയും നാട്ടില്‍ ബിജെപിക്കു ഭൂരിപക്ഷം ലഭിക്കുന്നതിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രാല്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി ധാരാളം വോട്ട് നേടിയിരുന്നു. അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലമാണ് ത്രാല്‍.

അതേസമയം ഉമര്‍ അബ്ദുല്ലക്കെതിരേ ബിജെപി രംഗത്തെത്തി. രാജ്യ താല്‍പര്യത്തേക്കാള്‍ വലുതാണ് ഇത്തരം പാര്‍ട്ടികളുടെ രാഷ്ട്രീയ താല്‍പര്യമെന്നു ബിജെപി വര്‍കിങ് പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു. അവരുടെ നിലപാടുകള്‍ മാറി മറിഞ്ഞു കൊണ്ടേയിരിക്കുമെന്നും നഡ്ഡ പറഞ്ഞു. 

Tags:    

Similar News