ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കം; മുസ്‌ലിം വ്യാപാരികള്‍ക്ക് നേരേ ഹിന്ദുത്വരുടെ ആക്രമണഭീഷണി

കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയ ഒരുകൂട്ടം ഹിന്ദുത്വര്‍ കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദു ദേവന്‍മാരുടെയോ ദേവതകളുടെയോ ചിത്രം പതിപ്പിച്ച പടക്കം സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉടമകള്‍ക്ക് സംഘം മുന്നറിയിപ്പ് നല്‍കി.

Update: 2020-11-06 17:39 GMT

മുംബൈ: മധ്യപ്രദേശിലെ ദെവാസില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണ ഭീഷണി. ദീപാവലിക്ക് ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങള്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ടാണ് ഒരുസംഘം ഹിന്ദുത്വപ്രവര്‍ത്തകര്‍ വ്യാപാരികള്‍ക്കുനേരേ ഭീഷണിയുമായെത്തിയത്. കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയ ഒരുകൂട്ടം ഹിന്ദുത്വര്‍ കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദു ദേവന്‍മാരുടെയോ ദേവതകളുടെയോ ചിത്രം പതിപ്പിച്ച പടക്കം സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉടമകള്‍ക്ക് സംഘം മുന്നറിയിപ്പ് നല്‍കി.

'ഈ കടയില്‍ നിന്ന് ലക്ഷ്മിയുടെ ചിത്രം പതിച്ച പടക്കമോ ഗണപതിയുടെയോ ചിത്രം പതിച്ച പടക്കമോ വിറ്റാല്‍, നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും' ഹിന്ദുത്വ പ്രവര്‍ത്തകരില്‍ ഒരാള്‍ കടയുടമയെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. തന്നോട് പറഞ്ഞതുപോലെ ചെയ്യാമെന്ന് കടയുടമ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദയവായി ദേഷ്യപ്പെടരുതെന്ന് കടയുടമ ആക്രമികളോട് പറയുന്നുണ്ട്. എന്നാല്‍, മുസ്ലിംകള്‍ രാജ്യത്തിനെതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണെന്നാണ് അക്രമികള്‍ ഭീഷണിപ്പെടുത്തുന്നത്.

കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ 'ഇല്ല, ഇല്ല, അങ്ങനെയൊന്നുമില്ലെന്ന് കടയുടമ ആവര്‍ത്തിക്കുന്നതും വീഡിയോയിലുണ്ട്. കടയുടമകളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. നിരപരാധികളായ കടയുടമകളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ദേവാസ് കലക്ടര്‍ ചന്ദ്രമൗലി ശുക്ല പിന്നീട് പറഞ്ഞു. ചില ആളുകള്‍ കടകളില്‍ പോയി കടയുടമകളെ ഭീഷണിപ്പെടുത്തിയതായി എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

അന്വേഷിക്കാന്‍ ഞാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവന്‍മാരുടെയോ ദേവതകളുടെയോ ചിത്രങ്ങളുള്ള പടക്കം വില്‍ക്കുന്നത് നിരോധിക്കുമെന്നും നിയമലംഘകര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Tags:    

Similar News