കശ്മീര്‍: പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ 10 മണിക്ക് ഡല്‍ഹിയില്‍ യോഗം ചേരും

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ക്കിടെയാണ് യോഗം. രാജ്യസഭയിലെയും ലോക്‌സഭയിലെയും ബിജെപി അംഗങ്ങള്‍ മുഴുവന്‍ ആഗസ്ത് 5നും 6നും സഭയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തേ വിപ്പ് നല്‍കിയിരുന്നു.

Update: 2019-08-05 04:19 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ 10 മണിക്ക് രാജ്യാസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറില്‍ യോഗം ചേരും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ക്കിടെയാണ് യോഗം. രാജ്യസഭയിലെയും ലോക്‌സഭയിലെയും ബിജെപി അംഗങ്ങള്‍ മുഴുവന്‍ ആഗസ്ത് 5നും 6നും സഭയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തേ വിപ്പ് നല്‍കിയിരുന്നു.



അതേ സമയം, രാവിലെ 9.30ന് അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തി. മന്ത്രിസഭാ യോഗത്തിന് മുമ്പ് സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയും യോഗം ചേര്‍ന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ഇതില്‍ അംഗങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരില്‍ നടക്കുന്ന സൈനികവിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടികളെന്നാണു സൂചന. അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ഥാടകരും വിനോദയാത്രികരും എത്രയുംവേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദേശവും നല്‍കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35 എ അനുഛേദം എടുത്തുകളയാന്‍ പോവുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ടുകള്‍ ചെയ്യുന്നത്. 

Tags:    

Similar News